
കൊച്ചി: വിപണിയില്‍ അനിശ്ചിതത്വം ശക്തമായതോടെ ആഭ്യന്തര നിക്ഷേപകർക്കും ഓഹരിയില്‍ പ്രിയം കുറയുന്നു. അസോസിയേഷൻ ഒഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇൻ ഇന്ത്യയുടെ(എ.എം.എഫ്.ഐ) കണക്കുകളനുസരിച്ച് ഡിസംബറില്‍ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് ആറ് ശതമാനം കുറഞ്ഞ് 28,054 കോടി രൂപയിലെത്തി.
നവംബറില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ 29,911 കോടി രൂപയുടെ നിക്ഷേപം ലഭിച്ചിരുന്നു. അതേസമയം കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് വൻതോതില്‍ പണം പിൻവലിക്കുകയാണ്. ഡിസംബറില്‍ മാത്രം ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് 1.32 ലക്ഷം കോടി രൂപയാണ് നിക്ഷേപകർ പിൻവലിച്ചത്. ഇതോടെ മൊത്തം മ്യൂച്വല്‍ ഫണ്ടുകളിലെ വില്പന 66,571 കോടി രൂപയായി.
ഡിസംബർ വരെയുള്ള കണക്കനുസരിച്ച് ഇന്ത്യൻ മ്യൂച്വല്‍ ഫണ്ട് മേഖല കൈകാര്യം ചെയ്യുന്ന ആസ്തി (എ.യു.എം) 80.23 ലക്ഷം കോടി രൂപയിലേക്ക് താഴ്ന്നുവെന്ന് എ.എം.എഫ്.ഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ വെങ്കട് ചലാസണി പറഞ്ഞു.
മുൻവർഷത്തേക്കാള്‍ എ.യു.എമ്മില്‍ നേരിയ ഇടിവുണ്ടെങ്കിലും നിക്ഷേപ പങ്കാളിത്തം മെച്ചപ്പെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുൻവർഷത്തേക്കാള്‍ മ്യൂച്വല്‍ ഫണ്ട് ഇൻഡസ്‌ട്രി കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 19.99 ശതമാനം വർദ്ധനയുണ്ടായി.
ഹൈബ്രിഡ് സ്കീമുകളില്‍ കഴിഞ്ഞ മാസം 10,756 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്. എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍(ഇ.ടി.എഫ്) ഉള്‍പ്പെടെ ഹൈബ്രിഡ് ഫണ്ടുകളില്‍ 26,723 കോടി രൂപയുടെ നിക്ഷേപം ഒഴുകിയെത്തി.
സ്വർണ ഇ.ടി.എഫുകള്‍ക്ക് പ്രിയമേറുന്നു
കഴിഞ്ഞ മാസം ഗോള്‍ഡ് ഇ.ടി.എഫുകളില്‍ 11,647 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. നവംബറിലെ 3,742 കോടി രൂപയുടെ നിക്ഷേപത്തേക്കാള്‍ മികച്ച വളർച്ചയാണുണ്ടായത്. ഫ്ളെക്‌സി കാപ്പ് ഫണ്ടുകളില്‍ 10,019 കോടി രൂപയാണ് നിക്ഷേപകർ മുടക്കിയത്.
എസ്.ഐ.പി റെക്കാഡ് ഉയരത്തില്‍
സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ് പ്ളാനുകളിലേക്കുള്ള(എസ്.ഐ.പി) നിക്ഷേപ ഒഴുക്ക് ഡിസംബറില്‍ റെക്കാഡ് ഉയരത്തിലാണ്. ഡിസംബറിലെ എസ്.ഐ.പി നിക്ഷേപം ചരിത്രത്തിലാദ്യമായി 31,000 കോടി ഡോളർ കവിഞ്ഞു. ഇതോടെ എസ്.ഐ.പിയുടെ കീഴിലെ മൊത്തം നിക്ഷേപം 16.63 ലക്ഷം കോടി രൂപയായി ഉയർന്നു. ചെറുകിട, ഇടത്തരം ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളിലേക്ക് പണമൊഴുക്ക് നേരിയ തോതില്‍ കുറഞ്ഞു.
ഓഹരി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം
മാസം നിക്ഷേപം(കോടി രൂപയില്‍)
സെപ്തംബർ 30,442
ഒക്ടോബർ 24,690
നവംബർ 29,991
ഡിസംബർ 28,054






