നിക്ഷേപ സൗഹൃദ റാങ്കിങ്: കേരളം 17-ാമത്; തൊഴിൽ സമരവും വിദേശ കുടിയേറ്റവും കേരളത്തിന് വെല്ലുവിളിആവേശത്തില്‍ ഇന്ത്യൻ സിമന്റ് വിപണിവിഴിഞ്ഞത്ത് ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംവിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നുആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളം

നിക്ഷേപ സൗഹൃദ റാങ്കിങ്: കേരളം 17-ാമത്; തൊഴിൽ സമരവും വിദേശ കുടിയേറ്റവും കേരളത്തിന് വെല്ലുവിളി

ന്യൂഡൽഹി: നിതി ആയോഗിന്റെ പ്രഥമ നിക്ഷേപക സൗഹൃദ സൂചികയിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പട്ടികയിൽ കേരളം 17–ാമത്. സംസ്ഥാനങ്ങൾ മാത്രം പരിഗണിച്ചാൽ കേരളത്തിന്റെ റാങ്ക് 15 ആണ്. ഒന്നാമതുള്ള ഗുജറാത്തിന്റെ സ്കോർ 56.6 ആണെങ്കിൽ കേരളത്തിന്റേത് 46.6 ആണ്.

രാജ്യത്തെ വലിയ 17 സംസ്ഥാനങ്ങളുടെ പട്ടികയിൽ 12–ാമതാണ് കേരളം. സ്കോർ 45 മുതൽ 50 വരെയുള്ള ‘ഫ്രണ്ട്റണ്ണേഴ്സ്’ എന്ന രണ്ടാം നിരയിലാണ് കേരളം. 50ന് മുകളിൽ സ്കോറുള്ള സംസ്ഥാനങ്ങളാണ് ടോപ് പെർഫോമേഴ്സ്. കഴിഞ്ഞ ബജറ്റിലാണ് നിക്ഷേപ സൗഹൃദ സൂചിക പ്രസിദ്ധീകരിക്കുമെന്ന പ്രഖ്യാപനം കേന്ദ്രം നടത്തിയത്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അടിസ്ഥാനസൗകര്യങ്ങളും പരിസ്ഥിതി സ്ഥിരതയുമാണ് കേരളത്തിന്റെ പ്രധാന മേന്മകളായി നിതി ആയോഗ് ചൂണ്ടിക്കാട്ടുന്നത്. വൈദ്യുതി ഉൽപാദനത്തിൽ പുനരുപയോഗ ഊർജത്തിന്റെ ഉയർന്ന വിഹിതവും മെച്ചപ്പെട്ട വൈദ്യുതി ലഭ്യതയും പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

കൊച്ചി, കൊല്ലം, കോഴിക്കോട് അടക്കമുള്ള നഗരങ്ങളിലെ മെച്ചപ്പെട്ട വായു ഗുണനിലവാരം, ഭൂകമ്പ സാധ്യതയിലെ കുറവ് തുടങ്ങിയവയും കേരളത്തിലെ നിക്ഷേപക അന്തരീക്ഷത്തിനു ഗുണകരമാകും. അതേസമയം, തൊഴിൽ സമരങ്ങൾ, കാർഷിക സംഭരണശാലകളുടെയും ശീതീകരിച്ച വെയർഹൗസുകളുടെയും ദൗർലഭ്യം, കേരളത്തിൽ നിന്നുള്ള സ്കിൽഡ് ജോലിക്കാരുടെ വിദേശകുടിയേറ്റം അടക്കം വെല്ലുവിളികളാണെന്ന് നിതി ആയോഗ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി നിലവിലെ ബിസിനസുകൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കേണ്ടതും പ്രധാനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

വൃത്തിയുള്ള റോഡ് കണക്ടിവിറ്റി, വ്യവസായങ്ങൾക്കുള്ള ഏകജാലക സംവിധാനം, ഡിജിറ്റൽ അടിസ്ഥാനസൗകര്യം, ഐടി പാർക്കുകൾ, 4 രാജ്യാന്തര വിമാനത്താവളങ്ങൾ എന്നിവ കേരളത്തിന്റെ കരുത്തായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനായി കേരളം ആസ്തിവികസനച്ചെലവ് (കാപെക്സ്) വർധിപ്പിക്കണമെന്നും ശുപാർശയുണ്ട്. സംസ്ഥാനവുമായി ബന്ധപ്പെട്ട ഡേറ്റയ്ക്കു പുറമേ നിക്ഷേപകർക്കിടയിൽ നടത്തിയ സർവേ കൂടി പരിഗണിച്ചാണ് സ്കോർ.

കേരളത്തിന്റെ പ്രകടനം
അടിസ്ഥാനസൗകര്യം: 50%
ബിസിനസ് അന്തരീക്ഷം: 31%
വിഭവങ്ങൾ: 37%
സർക്കാർ നയം: 26%
ചട്ടങ്ങളുമായി ബന്ധപ്പെട്ട എളുപ്പം: 66%
സ്ഥാപനപരമായ അന്തരീക്ഷം: 66%
സാമ്പത്തിക ആരോഗ്യം: 54%
പാരിസ്ഥിതിക സ്ഥിരത: 78%
സ്കോറിൽ മുന്നിൽ
ഗുജറാത്ത്: 56.6
മഹാരാഷ്ട്ര: 53.7
തമിഴ്നാട്: 53.3
ഗോവ: 53.1
ഒഡീഷ: 52.4
ഡൽഹി: 49.9
മധ്യപ്രദേശ്: 48.9

X
Top