
പാലക്കാട്: കഞ്ചിക്കോട്ട് പ്രവർത്തിക്കുന്ന ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് കേരളത്തിനു കൈമാറാനുള്ള നീക്കത്തിൽ നിന്നു കേന്ദ്രസർക്കാർ പിൻമാറുന്നു. നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം കൈമാറേണ്ടെന്നാണു കേന്ദ്രത്തിന്റെ നിലപാട്.
കേന്ദ്രവും കേരളവുമായി ഏർപ്പെട്ട കരാറുകൾ ഔദ്യോഗികമായി റദ്ദാക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നറിയുന്നു. രാജസ്ഥാനിലെ കോട്ട യൂണിറ്റ് പൂട്ടിയതോടെ പാലക്കാട് യൂണിറ്റിന്റെ നഷ്ടം കുറഞ്ഞതാണു മനംമാറ്റത്തിനു കാരണം. കഴിഞ്ഞ സാമ്പത്തികവർഷം 150 കോടി രൂപയുടെ വിറ്റുവരവും 14 കോടി ലാഭവുമാണ് സ്ഥാപനം നേടിയത്.
മൂന്നു വർഷം ലാഭമുണ്ടാക്കിയാൽ ശമ്പളവർധന നടപ്പാക്കാമെന്നു കേന്ദ്രസർക്കാർ വാഗ്ദാനം നൽകിയിരുന്നു. കേന്ദ്രം തന്നെ തുടർന്നും സ്ഥാപനം നടത്തുമെന്നതിന്റെ സൂചനയായി, 1997 മുതൽ മുടങ്ങിയ ശമ്പള പരിഷ്കരണം മേയിൽ പ്രഖ്യാപിച്ചു. സ്ഥാപനം കേരളത്തിനു കൈമാറുന്നതിനെ ബിജെപി സംസ്ഥാന ഘടകം തുടക്കം മുതൽ എതിർത്തിരുന്നു.
രാജസ്ഥാനിലെ കോട്ട ആസ്ഥാനമാക്കി ആരംഭിച്ച ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിന്റെ പാലക്കാട് യൂണിറ്റ് ആരംഭിക്കാൻ 1974ൽ സംസ്ഥാനമാണു കഞ്ചിക്കോട്ടെ ഭൂമി കൈമാറിയത്. കോട്ട യൂണിറ്റ് പൂട്ടുന്നതിനൊപ്പം പാലക്കാട്ടും പ്രവർത്തനം നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോഴാണ് സംസ്ഥാനത്തിനു കൈമാറിയാൽ നടത്താമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചത്.
53 കോടി രൂപ വില നിശ്ചയിക്കുകയും ‘ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് കേരള’ എന്ന പേരിൽ സ്ഥാപനം മുന്നോട്ടുപോകുമെന്നു വ്യക്തമാക്കി സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കുകയും ചെയ്തു.
കേന്ദ്രവും സംസ്ഥാനവും തമ്മിൽ കരടു ധാരണാപത്രം ഒപ്പുവച്ചെങ്കിലും അന്തിമ കരാറിൽ ഒപ്പിട്ടിട്ടില്ല. ദേശീയപാതയോരത്ത് 122 ഏക്കർ ഭൂമിയിലാണു സ്ഥാപനം.