
അടിസ്ഥാന സൗകര്യ വികസനത്തിന് ഇത്തവണയും ബജറ്റിൽ വലിയ പ്രാധാന്യം. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൂലധന ചെലവായി 12.2 ലക്ഷം കോടി രൂപയാണ് ഇത്തവണ വകയിരുത്തിയിട്ടുള്ളത്. ഇത് മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഏകദേശം 9 ശതമാനം വർദ്ധനവാണ്. ‘സിറ്റീസ് ആസ് ഗ്രോത്ത് ഹബ്ബ്സ്’ പദ്ധതിയുടെ ഭാഗമായി നഗരങ്ങളുടെ പുനർവികസനത്തിനും ശുചിത്വത്തിനുമായി 1 ലക്ഷം കോടി രൂപയും വകയിരുത്തി.
അതിവേഗ റെയിൽ ഇടനാഴി പദ്ധതികളും ഏറെ പ്രാധാന്യത്തോടെ ബജറ്റിൽ ഇടം നേടി. രാജ്യത്ത് 7 പുതിയ അതിവേഗ റെയിൽ ഇടനാഴികളാണ് വരുന്നത്. മുംബൈ മുതൽ പൂനെ വരെ, പൂനെ മുതൽ ഹൈദരാബാദ് വരെ, ഹൈദരാബാദ് മുതൽ ബെംഗളൂരു വരെ, ഹൈദരാബാദ് മുതൽ ചെന്നൈ വരെ, ചെന്നൈ മുതൽ ബെംഗളൂരു വരെ, ഡൽഹി മുതൽ വാരണാസി വരെ, വാരണാസി മുതൽ സിലിഗുരി വരെ എന്നിവയാകും അതിവേഗ ഇടനാഴികളെന്നും ധനമന്ത്രി നിർമല സീകാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് നഗരങ്ങൾ അതിവേഗ റെയിൽ ഇടനാഴിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും മലാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തിരുവനന്തപുരത്തേക്കുള്ള ഇടനാഴി ഇതിൽ ഉൾപ്പെട്ടില്ല. മെട്രോമാൻ ഇ ശ്രീധരന്‍റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതക്ക് കേന്ദ്രം അനുമതി നൽകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. നേരത്തെ ഇ ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെക്കണ്ട് ഇക്കാര്യം ചർച്ച ചെയ്തിരുന്നു.
കേരളം, തമിഴ്‌നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് അപൂർവ്വ ലോഹ ഖനനത്തിനും സംസ്കരണത്തിനുമായി റെയർ എർത്ത് കോറിഡോറുകൾ സ്ഥാപിക്കാനുള്ള പ്രഖ്യാപനം ശ്രദ്ധേയമായി. അപൂർവ ധാതുക്കളുടെ ഖനനം, സംസ്കരണം എന്നിവയടക്കം വർദ്ധിപ്പിക്കും. കേരള തീരത്തെ കരിമണലിന്റെ ഖനനവും സംസ്കരണവും പദ്ധതിയിൽ ഉൾപ്പെടും.
സെമികണ്ടക്ടർ മിഷൻ 2.0-ന്റെ ഭാഗമായി സെമികണ്ടക്ടർ മേഖലയിലെ വികസനത്തിന് 40,000 കോടി രൂപയുടെ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു.






