
കൊച്ചി :ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ (ഐഎസ്എഫ്) ഈ വർഷത്തെ ഇൻഫോസിസ് പ്രൈസ് വിജയികളെ പ്രഖ്യാപിച്ചു. ശാസ്ത്രത്തിലും ഗവേഷണത്തിലും മികവ് പുലർത്തുന്നവരെ ആദരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡാണ് ഇൻഫോസിസ് പ്രൈസ്. സാമ്പത്തിക ശാസ്ത്രത്തിൽ മാസച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറായ നിഖിൽ അഗർവാളിനും എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസിൽ ടൊറന്റോ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ സുശാന്ത് സച്ച്‌ദേവയ്ക്കുമാണ് പുരസ്‌കാരങ്ങൾ.
ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിലെ പുരസ്‌കാരത്തിന് അർഹനായത് ചിക്കാഗോ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ആൻഡ്രൂ ഒല്ലെറ്റും ലൈഫ് സയൻസസ് പുരസ്‌കാരത്തിന് അർഹയായത് ബാംഗ്ലൂരിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ അഞ്ജന ബദ്രി നാരായണനുമാണ്. മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ അസോസിയേറ്റ് പ്രൊഫസറായ സബ്യസാചി മുഖർജി ഗണിത ശാസ്ത്ര പുരസ്‌കാരത്തിനും കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറായ കാർത്തിഷ് മന്ദിറാം ഭൗതിക ശാസ്ത്രം പുരസ്‌കാരത്തിനും അർഹരായി.
ഓരോ വിഭാഗത്തിലും 100,000 യുഎസ് ഡോളർ (അല്ലെങ്കിൽ അതിനു തുല്യമായ ഇന്ത്യൻ രൂപ) സമ്മാന തുകയ്ക്ക് പുറമെ ഒരു സ്വർണ പതക്കവും പ്രശസ്തി പത്രവുമാണ് സമ്മാനം. വിഖ്യാത പണ്ഡിതരും വിവിധ മേഖലകളിലെ വിദഗ്ധരും അടങ്ങുന്ന ഒരു അന്താരാഷ്ട്ര ജൂറി പാനലാണ് ഇൻഫോസിസ് പ്രൈസ് 2025 ലെ ജേതാക്കളെ തിരഞ്ഞെടുത്തത്. ഇൻഫോസിസ് പ്രൈസ് 2025-ലെവിജയികളെ ഐഎസ്എഫിന്റെ ട്രസ്റ്റിമാരായ കെ ദിനേശ്, നാരായണല മൂർത്തി, ശ്രീനാഥ് ബട്‌നി, ക്രിസ് ഗോപാലകൃഷ്ണൻ, ഡോ. പ്രതിമമൂർത്തി, എസ് ഡി ഷിബുലാൽ എന്നിവർ ചേർന്നാണ് പ്രഖ്യാപിച്ചത്.






