
മുംബൈ: സമീപകാലത്തെ ഇന്ത്യയുടെ പുരോഗതിയെയും വികസനത്തെയും കുറിച്ചുള്ള നിരീക്ഷണങ്ങൾ പങ്കിട്ട് ഇൻഫോസിസിന്റെ സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേക്കനി.
രാജ്യം കൈവരിച്ച ഈ പുരോഗതിയുടെ ഒരു പ്രധാന ഘടകം ഇവിടുത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറാണ് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷങ്ങളിലെ ഇന്ത്യയുടെ വളർച്ചയുടെ പ്രധാന ഘടകം അതിന്റെ ഡിജിറ്റൽ വളർച്ചയാണെന്നും, ഇത് 47 വർഷത്തെ വികസനത്തിന് തുല്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഡൽഹിയിൽ എക്സ്റ്റെപ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു നിലേക്കനി. പരിപാടിയിൽ സാങ്കേതികവിദ്യയുടെ പരിവർത്തന ശക്തിയെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ആരോഗ്യ സംരക്ഷണം, ഡിജിറ്റൽ വിദ്യാഭ്യാസം, ഐഡന്റിറ്റി ഒതന്റീക്കേഷൻ, ഫിനാൻഷ്യൽ ഇൻക്യൂഷൻ എന്നിവയാണ് ഡിജിറ്റലൈസേഷനിലൂടെ വളർച്ച പ്രാപിച്ച ചില സേവനങ്ങൾ. രാജ്യത്തുടനീളം ഒരു ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (ഡിപിഐ) സ്ഥാപിക്കുന്നത് ഒരു വലിയ മാറ്റത്തിന്റെ പ്രതീകമാണ് എന്നും അദ്ദേഹം പറുന്നു.
ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ജനസംഖ്യയെ ശാക്തീകരിക്കാനും സ്വയം പര്യാപ്തരാക്കാനുമുള്ള വഴികൾ പര്യവേക്ഷണം ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഇന്ത്യയുടെ ത്വരിതഗതിയിലുള്ള വികസനത്തിൽ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ (Digital Public Infrastructure (DPI) ) നിർണായക പങ്കിനെക്കുറിച്ചാണ് അദ്ദേഹം കൂടുതലായി സംസാരിച്ചത്.
കഴിഞ്ഞ കുറേ വർഷങ്ങളായി പല കാരണങ്ങൾ കൊണ്ട് ഇന്ത്യ വൻ വളർച്ച കൈവരിച്ചിട്ടുണ്ട്. ഡിജിറ്റൽ രംഗത്തെ വളർച്ച സാമ്പത്തിക വളർച്ചയ്ക്ക് ഒരു പ്രധാന കാരണമായി’, എന്നു അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവജനങ്ങളെ വളർച്ചക്കായി ഉപയോഗപ്പെടുത്തേണ്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
രാജ്യത്തെ യുവജനങ്ങളെ പരിപോഷിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു. ആധാർ ഐഡി സംവിധാനമണ് ഇന്ത്യയുടെ ഡിജിറ്റൽ പരിണാമത്തിന്റെ തുടക്കമെന്നും നിലേക്കനി പറഞ്ഞു.
‘ഓരോ ഇന്ത്യക്കാരനും ഒരു ഡിജിറ്റൽ ഐഡന്റിറ്റി നൽകുക എന്നതായിരുന്നു അതിന്ഖെ പ്രാരംഭ ലക്ഷ്യം,’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന്, 1.3 ബില്യണിലധികം ഇന്ത്യക്കാർക്ക് ഒരു ഡിജിറ്റൽ ഐഡി ഉണ്ട് എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഡിജിറ്റൽ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിൽ കാര്യമായ സംഭാവന നൽകിയ യുഐഡിഎഐ (യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) യുടെ സ്ഥാപക ചെയർമാൻ കൂടിയാണ് നന്ദൻ നിലേക്കനി.