
മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തേയും (2025-26) അടുത്ത സാമ്പത്തിക വര്‍ഷത്തേയും പണപ്പെരുപ്പം ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അനുമാനമായ 2.6 ശതമാനം, 4.5 ശതമാനം നിരക്കുകളേക്കാള്‍ കുറയുമെന്ന് എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) റിപ്പോര്‍ട്ട്. ബാങ്കിന്റെ വിശകലന പ്രകാരം മികച്ച മണ്‍സൂണ്‍, ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌ക്കരണം, തുടങ്ങിയ ഘടകങ്ങളാണ് അപ്രതീക്ഷിത ഇടിവിന് കാരണമാകുക.
മണ്‍സൂണ്‍ ശക്തമായതോടെ ഖാരിഫ് വിതയ്ക്കല്‍ ഉയര്‍ന്നിട്ടുണ്ട്. കൂടാതെ ജലസംഭരണം വര്‍ദ്ധിച്ചു. കൂടാതെ പരോക്ഷ നികുതികള്‍ കുറഞ്ഞത് പണപ്പെരുപ്പം നിയന്ത്രിക്കും. പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താനുള്ള ആര്‍ബിഐയുടെ തീരുമാനം നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിലുള്ള അവരുടെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു.
പണപ്പെരുപ്പം നിയന്ത്രണത്തിലായിരിക്കുകയും വളര്‍ച്ച കുതിച്ചുയരുകയും ചെയ്യുന്ന സാമ്പത്തിക സ്ഥിരതയുടെ ഒരു ഘട്ടത്തിലേക്ക് ഇന്ത്യ പ്രവേശിക്കുകയാണെന്ന് എസ്ബിഐ റിപ്പോര്‍ട്ട് പറഞ്ഞു. പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാന്‍ ഉചിതമായ സമയമാണിത്. ആഗോളതലത്തില്‍ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താന്‍ സാധിക്കുന്ന തരത്തില്‍ നയങ്ങള്‍ രൂപീകരിക്കാന്‍ നിയമനിര്‍മ്മാതാക്കള്‍ തയ്യാറാകണം.
ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും, ഇന്ത്യയുടെ വ്യാപാര, സാമ്പത്തിക പ്രവാഹങ്ങള്‍ സ്ഥിരതയുള്ളതായി തുടരുന്നു. ഇത് മൊത്തത്തിലുള്ള സാമ്പത്തിക വീക്ഷണത്തെ പിന്തുണയ്ക്കുന്നു.