
ന്യൂഡല്‍ഹി: യുഎസ് താരിഫുകള്‍ ഇന്ത്യന്‍ കയറ്റുമതിയെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വ്യവസായ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തു. അടുത്ത പണനയ അവലോകനത്തിന് മുന്നോടിയായി യോഗം നടക്കും.
പലിശ അടയ്ക്കുന്നതില്‍ നിന്ന് ഒരു വര്‍ഷത്തെ ഇടവേള, പണയരഹിത വായ്പ, ബാങ്ക് ക്രെഡിറ്റ് പരിധികളില്‍ വര്‍ദ്ധനവ്, പലിശ സബ്സിഡികള്‍ തുടരല്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ചെറുകിട ബിസിനസുകള്‍ (എംഎസ്എംഇ) രംഗത്തെത്തിയ സാഹചര്യത്തിലാണിത്.കയറ്റുമതിക്കാരെ സഹായിക്കാന്‍ തയ്യാറാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചിട്ടുണ്ട്.
സമ്പദ്വ്യവസ്ഥയെ ആഘാതത്തില്‍ നിന്ന് കരകയറ്റാന്‍ സഹായിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് തയ്യാറാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. പ്രാദേശിക കറന്‍സികളിലെ വ്യാപാരം പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പുതിയ വിപണികള്‍ കണ്ടത്തേണ്ടതിന്റെയും ആവശ്യകത അദ്ദേഹം എടുത്തുകാട്ടി. യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനാണിത്.
യുഎസ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 50 ശതമാനം താരിഫ് ഇന്ത്യന്‍ ഉത്പന്നങ്ങളെ മത്സരാധിഷ്ഠിതമല്ലാതാക്കുന്നു. യുഎസ്ഉപഭോക്താക്കള്‍ 30-35 ശതമാനം അധികം വിലനല്‍കേണ്ടി വരുന്നതിനാലാണ് ഇത്. ഇന്ത്യന്‍ കയറ്റുമതിയുടെ ഏതാണ്ട് 55 ശതമാനം, പ്രത്യേകിച്ചും തുണിത്തരങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, സമുദ്രോത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളെയാണ് താരിഫ് കൂടുതല്‍ ബാധിക്കുക.
ആഘാതം ഇതിനകം ദൃശ്യമാണ് സൂറത്ത്, കാണ്‍പൂര്‍, തിരുപ്പൂര്‍ തുടങ്ങിയ കയറ്റുമതി കേന്ദ്രങ്ങളില്‍ ജോലികള്‍ കുറഞ്ഞു. വസന്തകാല, വേനല്‍ക്കാല ശേഖരണത്തിനുള്ള യുഎസ് ഓര്‍ഡറുകള്‍ ഏതാണ്ട് അപ്രത്യക്ഷമായി,വസ്ത്ര കയറ്റുമതിക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.