
ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള ഇന്ദിരാ പോയിന്റിൽ നിന്ന് വെറും ഒമ്പത് കിലോമീറ്റർ അകലെയും ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതകൾക്ക് സമീപവുമാണ് ഇന്ത്യയുടെ തന്ത്രപ്രധാനമായ ദ്വീപ് വികസന പദ്ധതിയായ ഗ്രേറ്റ് നിക്കോബാർ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ പാരിസ്ഥിതിക അനുമതിയിൽ ഇടപെടാൻ നാഷണൽ ഗ്രീൻ ട്രിബ്യൂണൽ (എൻജിടി) വിസമ്മതിച്ചതോടെ 81,000 കോടി രൂപയുടെ പദ്ധതിയ്ക്കായുള്ള നിയമപരമായ എല്ലാ തടസ്സങ്ങളും നീങ്ങി. ആൻഡമാൻ നിക്കോബാർ ദ്വീപ്‌സമൂഹത്തിലെ ഇന്ത്യയുടെ ഹോങ്കോങ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രേറ്റ് നിക്കോബാർ പദ്ധതിക്ക് ഇത് നിർണായകമായ അംഗീകാരമാണ്.
ആൻഡമാൻ നിക്കോബാർ ദ്വീപ്‌സമൂഹത്തിന്റെ തെക്കേ അറ്റത്ത് ഒരു ട്രാൻസ്ഷിപ്പ്‌മെന്റ്, ലോജിസ്റ്റിക്സ് ഹബ് നിർമ്മിക്കാനുള്ള ആശയമാണ് പദ്ധതിയിലുള്ളത്. ഹോങ്കോങ് ചൈനയ്ക്ക് നൽകുന്നതിന് സമാനമായ സംഭാവന ഗ്രേറ്റ് നിക്കോബാർ പദ്ധതിയിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് കണക്കുകൂട്ടുന്നു. കേന്ദ്രസർക്കാരിന്റെയും വിദഗ്ധരുടെയും അഭിപ്രായത്തിൽ ഈ പദ്ധതി ഏറെ വ്യാപാര സാധ്യത തുറന്നിടുന്നതും മൂലധനം ആകർഷിക്കുകയും മലാക്ക കടലിടുക്കിന് സമീപമുള്ള പ്രധാന വ്യാപാര പാതയിൽ ഇന്ത്യയുടെ സമുദ്രശക്തി വർധിപ്പിക്കുകയും ചെയ്യും.
166 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രേറ്റ് നിക്കോബാർ പദ്ധതി, സമീപകാലത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഒന്നാണ്. ഇതിൽ 130 ചതുരശ്ര കിലോമീറ്റർ വനഭൂമി കൈമാറുകയും അതിലെ ഏകദേശം ഒരു ദശലക്ഷം മരങ്ങൾ മുറിച്ചുമാറ്റേണ്ടിയും വരും. ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ, ഒരു ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖം, ഒരു സംയോജിത ടൗൺഷിപ്പ്, ഒരു സിവിൽ, സൈനിക വിമാനത്താവളം, 450-MVA ഗ്യാസ്, സൗരോജ്ജത്തെ അടിസ്ഥാനമാക്കിയുള്ള പ്ലാന്റ് എന്നിവയാണ്.
ഗ്രേറ്റ് നിക്കോബാറിനെ തെക്കുകിഴക്കൻ ഏഷ്യയിലെ നിലവിലുള്ള ഹബുകളേക്കാൾ മികച്ചതായി സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. ഈ തന്ത്രപരമായ കടലിടുക്കിലൂടെ, ലോക വ്യാപാരത്തിന്റെ വലിയൊരു ഭാഗം കിഴക്കൻ, പടിഞ്ഞാറൻ ഏഷ്യയ്ക്കിടയിൽ സഞ്ചരിക്കുന്നു. ചൈനയുടെ ഊർജ്ജ ഗതാഗതത്തിന്റെ ഭൂരിഭാഗവും ഇതിലൂടെയാണ്.
നിലവിൽ ട്രാൻസ്ഷിപ്പ്‌മെന്റിനായി ഇന്ത്യ വിദേശ തുറമുഖങ്ങളെ വളരെയധികം ആശ്രയിക്കുന്നു. കിഴക്ക്-പടിഞ്ഞാറ് കപ്പൽ പാതകളിലൂടെയുള്ള ചരക്ക് നീക്കത്തിന്റെ ഗണ്യമായ വിഹിതം നിർദിഷ്ട ഹബ്ബിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. സംയോജിത ടൗൺഷിപ്പ് പദ്ധതി തൊഴിലാളികൾക്കും അനുബന്ധ സാമ്പത്തിക പ്രവർത്തനങ്ങൾക്കും പിന്തുണ നൽകാനാണ് ലക്ഷ്യമിടുന്നത്.
വിമാനത്താവളം, സൈനിക ആവശ്യങ്ങൾ നിറവേറ്റാൻ രൂപകൽപന ചെയ്തിരിക്കുന്നു. ഊർജ്ജ സ്വയംപര്യാപ്തത ഉറപ്പാക്കാൻ പവർ പ്ലാന്റ് ലക്ഷ്യമിടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ നിർണായകമായ ദ്വീപ് പ്രദേശത്താണ് പദ്ധതി വരുന്നത്. ഈ ദ്വീപുകളിൽ നിന്നുള്ള നിയന്ത്രണം, നിരീക്ഷണം, വേഗത്തിലുള്ള വിന്യാസം എന്നിവ ഇൻഡോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ സമുദ്ര സാന്നിധ്യവും വർധിപ്പിക്കും. ചൈനയുടെ സമുദ്രശേഷി സ്ഥിരമായി വർധിച്ചു കൊണ്ടിരിക്കുന്ന ഒരു മേഖലയിൽ ഗ്രേറ്റ് നിക്കോബാർ ദ്വീപ് പദ്ധതിയെ നിർണായകമായാണ് ഇന്ത്യ കാണുന്നത്. തന്ത്രപരമായ നവീകരണമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
മെച്ചമല്ലാത്തതും വികലമായ ഉദ്ദേശ്യത്തോടെയുള്ളതുമായ പദ്ധതി എന്ന് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പദ്ധതിയെ എതിർത്തിരുന്നു. സെപ്റ്റംബർ 2025-ൽ കോൺഗ്രസ് എംപി സോണിയ ഗാന്ധി പാരിസ്ഥിതിക, ഗോത്രവർഗ്ഗ അവകാശങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും പുനർവിചിന്തനം നടത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തീരദേശ നിയന്ത്രണ നിയമങ്ങളുടെ ലംഘനങ്ങൾ ആരോപിച്ച് നിരവധി ഹർജികൾ സമർപ്പിക്കുകയും പാരിസ്ഥിതിക അനുമതിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എൻജിടിയിലെ ആറംഗ പ്രത്യേക ബെഞ്ച് പദ്ധതിയുടെ പ്രാധാന്യം അംഗീകരിക്കുകയും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇതോടെ നിയമപരമായ വെല്ലുവിളികൾ അവസാനിച്ചു.
പദ്ധതിയുടെ പ്രാധാന്യം നിഷേധിക്കാനാവില്ലെന്നും തീരദേശ നിയന്ത്രണ മേഖല (ICRZ) വിജ്ഞാപനം അവഗണിക്കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. മുൻ പരിസ്ഥിതി സെക്രട്ടറി ലീന നന്ദന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ കണ്ടെത്തലുകളെ എൻജിടി ആശ്രയിച്ചു. നിക്കോബാർ പദ്ധതിയുടെ പാരിസ്ഥിതിക അനുമതിയുടെ ചില കാര്യങ്ങൾ പുനഃപരിശോധിക്കാൻ 2023 ഏപ്രിലിലെ എൻജിടി ഉത്തരവിനെത്തുടർന്നാണ് ഈ സമിതി രൂപവത്കരിച്ചത്.
പദ്ധതിയുടെ ഭാഗങ്ങൾ നിരോധിത ICRZ പ്രദേശങ്ങളിൽ ഉൾപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, പദ്ധതിയുടെ ഒരു ഭാഗവും അത്തരം മേഖലകളിൽ ഉൾപ്പെടുന്നില്ലെന്ന് എൻജിടി നിഗമനം നടത്തി.
ICRZ എന്നത് ഇന്ത്യയുടെ ദ്വീപുകളുടെ, പ്രത്യേകിച്ച് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപുകളുടെ തീരപ്രദേശങ്ങളിലെ വികസനം നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും കേന്ദ്രം പുറപ്പെടുവിച്ച പാരിസ്ഥിതിക നിയന്ത്രണങ്ങളുടെ ഒരു ശ്രേണിയാണ്.
പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിൽ വിജ്ഞാപനം ചെയ്യപ്പെട്ട ഈ നിയന്ത്രണങ്ങൾ തീരദേശ മേഖലകളെ ICRZ I പോലുള്ള വിഭാഗങ്ങളായി വർഗ്ഗീകരിക്കുന്നു. ഇത് പരിസ്ഥിതി ലോല പ്രദേശങ്ങളെ ഉൾക്കൊള്ളുന്നു, അവിടെ ദുർബലമായ ദ്വീപ് ആവാസവ്യവസ്ഥകളെ സംരക്ഷിക്കാൻ നിർമ്മാണവും വാണിജ്യ പ്രവർത്തനങ്ങളും നിരോധിച്ചിരിക്കുന്നു, അല്ലെങ്കിൽ കർശനമായി നിയന്ത്രിച്ചിരിക്കുന്നു.
കോറൽ റീഫുകളുമായി ബന്ധപ്പെട്ട ആശങ്കകളും ബെഞ്ച് പരിഗണിച്ചു. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ സമർപ്പിച്ച പഴയ റിപ്പോർട്ടുകളെ ആശ്രയിച്ച്, പദ്ധതിക്ക് സമീപമുള്ള പ്രദേശത്ത് കോറൽ റീഫുകളൊന്നും നിലവിലില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ചിതറിക്കിടക്കുന്ന കോറൽ രൂപങ്ങളെ ശാസ്ത്രീയ ഉപദേശാനുസരണം മാറ്റുമെന്നും അറിയിച്ചു.
കോറൽ പുനരുജ്ജീവനത്തിന് തെളിയിക്കപ്പെട്ട രീതികളിലൂടെ ഉറപ്പ് വരുത്തണമെന്ന് പരിസ്ഥിതി മന്ത്രാലയത്തോട് ട്രിബ്യൂണൽ നിർദ്ദേശിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കടൽത്തീര വികസനം ദ്വീപിലെ ഒഴുക്ക് കുറയ്ക്കാനോ തീരപ്രദേശത്തെ മാറ്റങ്ങൾ വരുത്താനോ പാടില്ലെന്ന് എൻജിടി കൂടുതൽ നിർദ്ദേശിച്ചു.
ആമകളും മറ്റും കൂടുകൂട്ടുന്ന പ്രധാന സ്ഥലങ്ങളായ മണൽ നിറഞ്ഞ കടൽത്തീരങ്ങൾ സംരക്ഷിക്കപ്പെടണം എന്ന് ഊന്നിപ്പറഞ്ഞു. ജീവജാലങ്ങളുടെ സംരക്ഷണത്തിനായി പാരിസ്ഥിതിക അനുമതിയിൽ പ്രത്യേക വ്യവസ്ഥകൾ നിർദേശിച്ചിട്ടുണ്ട്.
ആസൂത്രണം ചെയ്തപോലെ നടപ്പിലാക്കുകയാണെങ്കിൽ, ഗ്രേറ്റ് നിക്കോബാർ പദ്ധതിക്ക് ഇന്ത്യയുടെ സമുദ്ര ഭൂമിശാസ്ത്രത്തിൽ മാറ്റങ്ങൾ വരുത്താനാകും. ഇന്ത്യയ്ക്ക് അതിൻ്റെ തെക്കുകിഴക്കൻ അറ്റത്ത് ഒരു ആഴക്കടൽ തുറമുഖം ഉണ്ടാകും. ഇരട്ട ഉപയോഗ ശേഷിയുള്ള ഒരു വ്യോമയാന കേന്ദ്രവും ഉണ്ടാകും.






