
ദാവോസ്: റഷ്യൻ എണ്ണ വാങ്ങുന്നതിനെത്തുടർന്ന് ഇന്ത്യൻ ഇറക്കുമതിക്കുമേൽ യുഎസ് അടിച്ചേൽപ്പിച്ച 25 ശതമാനം തീരുവ എടുത്തുകളയുമെന്ന സൂചന നൽകി യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസന്‍റ്.
യുഎസ് ഏർപ്പെടുത്തിയ 25 ശതമാനം പിഴത്തീരുവ കാരണമാണ് ഇന്ത്യൻ റിഫൈനറികൾ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നത് ഗണ്യമായി കുറച്ചതെന്നും ഇത് യുഎസ് നയത്തിന്‍റെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഓഗസ്റ്റിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽനിന്ന് യുഎസിൽ എത്തുന്ന ഉത്പന്നങ്ങൾക്ക് മൊത്തം 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. ഇതിലെ 25 ശതമാനം ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെത്തുടർന്ന് ഏർപ്പെടുത്തിയതാണ്. ഇതോടെ ഇന്ത്യ-യുഎസ് വ്യാപാര തർക്കങ്ങൾ രൂക്ഷമായി.
ഇന്ത്യൻ റിഫൈനറികൾ റഷ്യയിൽനിന്നു വാങ്ങുന്ന അസംസ്കൃത എണ്ണയുടെ അളവ് വൻതോതിൽ കുറച്ചു. ഇതൊരു വിജയമാണ്. ഇന്ത്യക്കുമേലുള്ള തീരുവ ഇപ്പോഴും തുടരുന്നുണ്ട്. ഇതിൽ റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുവയുമുണ്ട്. ഇത് നീക്കം ചെയ്യാനുള്ള വഴി തെളിയുന്നുണ്ട്-. ഒരു യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്കോട് ബെസന്‍റ് പറഞ്ഞു.
ഡിസംബറിൽ ഇന്ത്യയുടെ റഷ്യൻ അസംകൃത എണ്ണ ഇറക്കുമതി കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു താഴ്ന്നതായി കണക്കുകൾ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ ഒപെക് രാജ്യങ്ങളുടെ വിഹിതം 11 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.
ഇന്ത്യയിൽനിന്നു സംസ്കരിച്ച എണ്ണ വാങ്ങുന്ന യൂറോപ്യൻ രാജ്യങ്ങളെയും ബെസന്‍റ് വിമർശിച്ചു. തങ്ങൾക്കെതിരേയുള്ള യുദ്ധത്തിനുതന്നെ പണം നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളുടെ ഈ വ്യാപാരരീതിയെ വിരോധാഭാസമെന്നും വിഡ്ഢിത്തമെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
റഷ്യൻ അസംസ്കൃത എണ്ണ ഉപയോഗിച്ച് നിർമിച്ച പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നതിലൂടെ യൂറോപ്പ് റഷ്യയുടെ യുദ്ധശ്രമങ്ങൾക്ക് പരോക്ഷമായി സാന്പത്തികസഹായം നൽകുകയാണെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യയും യൂറോപ്യൻ യൂണിയനും സ്വതന്ത്ര വ്യാപാരക്കരാറിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ബെസെന്‍റിന്‍റെ പ്രഖ്യാപനം.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാറിനുള്ള ചർച്ചകൾ ചൊവ്വാഴ്ച പൂർത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി 25 മുതൽ 28 വരെ ഇന്ത്യ സന്ദർശിക്കുന്ന യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്‍റ് അന്‍റോണിയോ കോസ്റ്റ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല ഫോണ്‍ ഡെർ ലെയ്ൻ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. സന്ദർശനവേളയിൽ ഇരുവരും ഇന്ത്യ-ഇയു ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കും.
25 ശതമാനം പിഴത്തീരുവ കുറയ്ക്കുമെങ്കിലും മറ്റ് ഏഷ്യൻ രാജ്യങ്ങളായ ബംഗ്ലാദേശ്, വിയറ്റ്നാം, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ദക്ഷിണകൊറിയ, ജപ്പാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ അപ്പോഴും ഇന്ത്യക്കുമേലുള്ള തീരുവ കൂടുതലായിരിക്കും. ഈ രാജ്യങ്ങൾക്കുമേലുള്ള തീരുവ 20 ശതമാനത്തിൽ താഴെയാണ്.






