
ന്യൂഡല്‍ഹി: വ്യക്തികള്‍ക്ക് യോജിച്ച വിരമിക്കല്‍ പദ്ധതികള്‍ അനുവദിക്കാന്‍ പെന്‍ഷന്‍ റെഗുലേറ്റര്‍ തയ്യാറെടുക്കുന്നു. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്) പ്രകാരം നിലവിലുള്ള സ്റ്റാന്റേര്‍ഡ് പ്ലാനുകള്‍ക്കപ്പുറത്തേയ്ക്ക് വ്യക്തഗത നിക്ഷേപ ഓപ്ഷനുകള്‍ അവതരിപ്പിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് ഫണ്ട് മാനേജര്‍മാരുമായി ചര്‍ച്ചകള്‍ നടത്തുകയാണ് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ).
നിലവില്‍ നാല് അസറ്റ് ക്ലാസുകളില്‍, അതായത് ഇക്വിറ്റി, കോര്‍പറേറ്റ് ഡെബ്റ്റ്, ഗവണ്‍മെന്റ് ബോണ്ട്, ഇതര നിക്ഷേപ ഫണ്ട് എന്നിവയില്‍ നിക്ഷേപിക്കുന്ന മുന്‍കൂട്ടി നിശ്ചയിച്ച പ്ലാനുകളിലാണ് ഗുണഭോക്താവ് നിക്ഷേപിക്കേണ്ടത്. എസ്ബിഐ പെന്‍ഷന്‍ ഫണ്ട്, ഐസിഎസിഐ പ്രുഡന്‍ഷ്യല്‍ പെന്‍ഷന് ഫണ്ട് പോലുള്ളവ പിഎഫ്ആര്‍ഡിഎയുടെ ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നു.
നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പ്രകാരം ഒന്നിലധികം പെന്‍ഷന്‍ ഫണ്ടുകള്‍ കൈവശം വയ്ക്കാന്‍ സബ്‌സ്‌ക്രൈബര്‍മാരെ അനുവദിച്ചേയ്ക്കും. വിവിധ പദ്ധതികള്‍ അവതരിപ്പിച്ച് അവയില്‍ നിന്ന് യോജിച്ചവ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭ്യമാകും. സ്ത്രീകളും റിസക്കെടുക്കാന്‍ താല്‍പര്യമുള്ള വ്യക്തികളേയും ലക്ഷ്യം വച്ച് പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് സ്വന്തം ഉത്പന്നങ്ങളും രൂപകല്‍പ്പന ചെയ്യാം.
ഇതുവഴി വിരമിക്കല്‍ സമ്പാദ്യം എങ്ങിനെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്തളില്‍ നിക്ഷിപ്തമാകും. 175 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ പെന്‍ഷന്‍ വ്യവസായം ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് കൈവരിക്കുന്നത്. വിദേശ നിക്ഷേപവും മേഖല ആകര്‍ഷിക്കുന്നു. പിഎഫ്ആര്‍ഡിഎ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്നും 74 ശതമാനമാക്കി ഉയര്‍ത്തിയതോടെയാണിത്.