
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ 0.25 ശതമാനമായി ഇടിഞ്ഞു. ജിഎസ്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണം ഭക്ഷ്യ, നിത്യോപയോഗ, വാഹന വിലകള്‍ കുറച്ചതോടെയാണിത്. സെപ്തംബറില്‍ 1.54 ശതമാനമായിരുന്നു ഉപഭോക്തൃ സൂചിക പണപ്പെരുപ്പം.
ഇതോടെ തുടര്‍ച്ചയായ നാലാം മാസത്തില്‍ ചില്ലറ പണപ്പെരുപ്പം ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ലക്ഷ്യമായ 4 ശതമാനത്തില്‍ താഴെയായി. നേരത്തെ റോയിട്ടേഴ്‌സ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ 0.48 ശതമാനം ചില്ലറ പണപ്പെരുപ്പം പ്രവചിച്ചിരുന്നു.
ഉപഭോക്തൃ വില സൂചികയുടെ (സിപിഐ) പകുതിയോളം വരുന്ന ഭക്ഷ്യവിലകള്‍, ഒക്ടോബറില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 5.02% കുറഞ്ഞു, സെപ്റ്റംബറില്‍ ഇത് 2.33% ആയി കുറഞ്ഞിരുന്നു. നിലവിലെ പരമ്പരയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഒക്ടോബര്‍ മാസത്തെ കുറവ് പ്രധാനമായും ജിഎസ്ടി പരിഷ്‌ക്കരണം, അനുകൂലമായ അടിസ്ഥാന പ്രാഭാവം, എണ്ണ, കൊഴുപ്പ്, പച്ചക്കറികള്‍, പഴങ്ങള്‍,മുട്ട, പാദരക്ഷകള്‍, ധാന്യങ്ങള്‍, മറ്റ് ഉത്പന്നങ്ങള്‍, ഗതാഗതം, ആശയവിനിമയം എന്നിവയിലെ വിലക്കുറവ് എന്നിവ കാരണം സംഭവിച്ചതാണ്. കേന്ദ്രസര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. അതേസമയം പണപ്പെരുപ്പം വേഗത്തില്‍ കുറയുകയും ചെയ്തു. ഇതോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യ്ക്ക് റിപ്പോ നിരക്ക് കുറയ്ക്കാനുള്ള സാഹചര്യമൊരുങ്ങി.
അടുത്തമാസമാണ് നിരക്കുകള്‍ ചര്‍ച്ച ചെയ്യാനായി ആര്‍ബിഐയുടെ ധനയോഗം (എംപിസി) നടക്കുക.






