
ന്യൂഡെൽഹി: 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ പ്രതിശീർഷ വരുമാനം അപ്പർ മിഡിൽ ക്ലാസ് പരിധിയിലെത്തുമെന്ന് എസ്ബിഐ റിസർച്ച് റിപ്പോർട്ട്. അടുത്ത നാല് വർഷത്തിനുള്ളിൽ ആളോഹരി വരുമാനം 4000 ഡോളറിൽ എത്തുമെന്നാണ് കണക്ക്.
ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ നിലവിൽ ഇത് 3,60000 ന് മുകളിലാണ്. നിലവിൽ ഇന്ത്യയുടെ ആളോഹരി വരുമാനം 2,694 ഡോളറാണ്. ചൈന, ഇന്തോനേഷ്യ തുടങ്ങിയവരാണ് ഇപ്പോൾ അപ്പർ മിഡിൽ ക്ലാസ് പരിധിയിലുള്ളത്.
സ്വാതന്ത്ര്യത്തിനുശേഷം 60 വർഷങ്ങൾക്കുള്ളിലാണ് ഇന്ത്യയുടെ മൊത്ത വരുമാനം ഒരു ട്രില്യൺ ഡോളറിലെത്തിയത്. ഇത് പടിപടിയായി ഉയർന്നു. ഇന്ത്യ അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ 5 ട്രില്യൺ ഡോളർ നേടാൻ സാധ്യതയുണ്ട്.
2019 ൽ ആകുമ്പോഴേക്കും പ്രതിശീർഷ വരുമാനം 2,000 ഡോളറും 2026 ആയപ്പോൾ 3,000 ഡോളറും പ്രതിശീർഷ വരുമാനം നേടിയെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രൂപ് ചീഫ് ഇക്കണോമിക് ഉപദേഷ്ടാവ് ഡോ. സൗമ്യ കാന്തി ഘോഷ് പറയുന്നു.
ജി.ഡി.പി വളർച്ചയുടെ ക്രോസ്-കൺട്രി വിതരണത്തിൽ ഇന്ത്യയുടെ പെർസന്റൈൽ റാങ്ക് 92ാം ശതമാനത്തിൽനിന്ന് 95ാം ശതമാനത്തിലേക്ക് ഉയർന്നു. ഇത് ആഗോള വളർച്ചാ വിതരണത്തിന്റെ മുന്നണിയിലേക്ക് ഇന്ത്യയെ എത്തിക്കുന്നതിന്റെ സൂചനയാണെന്നും സൗമ്യ കാന്തി ഘോഷ് പറയുന്നു.






