
മുംബൈ:സൗദി അറേബ്യ, യുഎഇ, ഇറാഖ് എന്നിവയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യയിലെ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികള്‍ ശ്രമിക്കുന്നു. യുഎസുമായുള്ള ബന്ധം കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കാന്‍ ന്യൂഡല്‍ഹി ശ്രമിക്കുന്ന സാഹചര്യത്തിലാണിത്. റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നുവെന്ന കാരണത്താല്‍ യുഎസ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയിരുന്നു.
അസംസ്‌കൃത എണ്ണയ്്ക്കായി ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നത് ഗള്‍ഫ് രാഷ്ട്രങ്ങളെയായിരുന്നു. പശ്ചിമേഷ്യയിലെ മുന്‍നിര എണ്ണ ഉല്‍പ്പാദകരും വിതരണക്കാരുമായ സൗദി അരാംകോയും അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുമായിരുന്നു രാജ്യത്തിന്റെ പ്രധാന എണ്ണ ദാതാക്കള്‍. എന്നാല്‍ ഉക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്നുള്ള ഉപരോധങ്ങളെ മറികടക്കാന്‍ റഷ്യ ഉയര്‍ന്ന വിലക്കിഴിവോടെ ഫോസില്‍ ഇന്ധനം വില്‍ക്കാന്‍ തുടങ്ങിയതോടെ ഇ്ന്ത്യന്‍ കമ്പനികള്‍ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി തുടങ്ങി.
നിലവില്‍ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ റഷ്യയുടെ വിഹിതം 36 ശതമാനമാണ്. 2022 ഫെബ്രുവരിക്ക് മുമ്പ് വെറും 2.5 ശതമാനം മാത്രമായ സ്ഥാനത്താണിത്. ഡിസ്‌ക്കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് റഷ്യന്‍ ഓയിലിന്റെ വാങ്ങലില്‍ കുറവ് വന്നിട്ടുണ്ട്.
റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങലുകള്‍ തുടരുമെന്ന് ന്യൂഡല്‍ഹി അറിയിച്ചു. അതേസമയം, രാജ്യത്തിന്റെ ഇന്ധന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുകയും പശ്ചിമേഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ദ്ധിപ്പിക്കുകയും ചെയ്യും, സ്രോതസ്സുകളെ ഉദ്ധരിച്ച് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യന്‍ എണ്ണവാങ്ങുന്നതിന്റെ പേരില്‍ വാഷിങ്ടണും ന്യൂഡല്‍ഹിയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യയ്ക്ക്് മേല്‍ ട്രംപ് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തി. ഇന്ത്യ എണ്ണവാങ്ങുന്നത് ഉക്രൈനില്‍ അധിനിവേശത്തിന് റഷ്യയെ സഹായിക്കാനാണെന്ന ആരോപണവുമുയര്‍ന്നു.