
ന്യൂഡൽഹി: 2025-നെ അപേക്ഷിച്ച് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന(ജിഡിപി) നിരക്കിൽ ചെറിയ ഇടിവുമാത്രമാണ് യുഎൻ പ്രതീക്ഷിക്കുന്നത്. 2025-ലെ 7.4 ശതമാനത്തിൽനിന്ന് 6.6 ശതമാനമാകും. ദക്ഷിണേഷ്യയിലെ അതിവേഗം വളരുന്ന സാമ്പത്തികശക്തിയായി ഇന്ത്യ തുടരുമെന്നും ലോക സാമ്പത്തികസാഹചര്യങ്ങളും പ്രതീക്ഷകളും സംബന്ധിച്ച പുതിയ റിപ്പോർട്ടിൽ പറയുന്നു.
ആളോഹരി കുടുംബ ഉപഭോഗത്തിലെ സ്ഥിരത, കരുത്തുറ്റ പൊതുനിക്ഷേപം, കുറഞ്ഞ പലിശനിരക്ക് എന്നിവയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടുനയിക്കുന്നത്. അമേരിക്കയുടെ അധികതീരുവ ചില ഉത്പന്നങ്ങൾക്കുമേൽ ബാധ്യതസൃഷ്ടിച്ചാലും കയറ്റുമതി വ്യാപാരത്തെ അത് ബാധിക്കില്ല. മറ്റു പ്രമുഖ ആഗോളവിപണികളിലെ ഡിമാൻഡും തീരുവസമ്മർദത്തെ അതിജീവിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കും.
പണപ്പെരുപ്പവും രൂപയുടെ വിനിമയത്തിലുണ്ടായ ശോഷണവുമാണ് പ്രതീക്ഷിത വളർച്ചനിരക്കിൽ നേരിയ കുറവുകാണിക്കാൻ ഇടയാക്കിയതെന്ന് യുഎൻ റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ഡൽഹിയിലെ യുഎൻ ഇൻഫർമേഷൻ സെന്ററിൽ നടത്തിയ പത്രസമ്മേളനത്തിൽ യുഎൻ സാമ്പത്തികവിദഗ്ധൻ ക്രിസ് ഗാരോവെ പറഞ്ഞു.
ദക്ഷിണേഷ്യയുടെ ശരാശരി പണപ്പെരുപ്പനിരക്ക് 2025-ലെ 8.3 ശതമാനത്തിൽനിന്ന് 2026-ൽ 8.7 ശതമാനമായി ഉയരും. ഇന്ത്യയിൽ ഇത് 4.1 ശതമാനമായിരിക്കും. 2024-25 സാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ചനിരക്ക് 6.5 ശതമാനമായിരുന്നു. നടപ്പുസാമ്പത്തികവർഷം ജൂലായ്-സെപ്റ്റംബർ പാദത്തിൽ 8.2 ശതമാനം ദൃഢമായ വളർച്ചനിരക്ക് കാണിക്കുന്നു. 2024-25ൽ ഇത് 5.6 ശതമാനമായിരുന്നു.
ആഗോള സാമ്പത്തികവളർച്ചനിരക്കിലും നേരിയ ഇടിവുണ്ടാകുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2025-ൽ 2.8 ശതമാനമായിരുന്നത് 2026-ൽ 2.7 ശതമാനമാകും. കോവിഡിനുമുൻപത്തേതിനെക്കാൾ താഴ്ന്ന നിരക്കാണിത്. കോവിഡിനുമുൻപ് ശരാശരി വളർച്ച 3.2 ശതമാനമായിരുന്നു.
യുഎസ് തീരുവ ഉയർത്തിയിട്ടും സ്ഥിരതയാർന്ന ഉപഭോക്തൃവിനിമയത്തിലൂടെയും പണപ്പെരുപ്പനിയന്ത്രണത്തിലൂടെയുമാണ് വളർച്ചനിരക്കിനെ പിടിച്ചുനിർത്തിയത്.
2025-ൽ 3.8 ശതമാനമായിരുന്ന ആഗോള വ്യാപാരനിരക്ക് 26-ൽ 2.2 ശതമാനമായി ഇടിയുമെന്ന് കണക്കാക്കുന്നു. ലോകത്തെ ഒന്നാമത്തെ സാമ്പത്തികശക്തിയായ അമേരിക്കയുടെ വളർച്ചനിരക്കിൽ രണ്ടുശതമാനം വർധന പ്രതീക്ഷിക്കുമ്പോൾ ചൈനയുടെ വളർച്ച 4.6 ശതമാനത്തിൽനിന്ന് 4.5 ശതമാനമായി താഴുമെന്ന് കണക്കാക്കുന്നു.






