
ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നടത്തിയ ഇടപെടല്‍ വിദേശ നാണ്യ ശേഖരത്തില്‍ കുത്തനെയുള്ള ഇടിവുണ്ടാക്കി. വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 81ല്‍ താഴെയായിരുന്നു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്.
സെപ്റ്റംബര്‍ 9ന് അവസാനിക്കുന്ന ആഴ്ചയില്‍ ഇന്ത്യയുടെ സ്‌പോട്ട് വിദേശ നാണ്യ കരുതല്‍ ശേഖരം 551 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഇത് ഇറക്കുമതി കവര്‍ – സ്‌പോട്ട് വിദേശ നാണ്യ കരുതല്‍ സഹായത്തോടെ ഇറക്കുമതിനടത്താവുന്ന മാസങ്ങളുടെ എണ്ണം- 8.4 മാസമാക്കി കുറച്ചു, ഒരു മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് പറയുന്നു. എണ്ണ, എണ്ണ ഇതര കയറ്റുമതി കഴിഞ്ഞ മാസങ്ങളില്‍ ദുര്‍ബലമായി.
ആഗോള ഡിമാന്റിലെ ഇടിവും പെട്രോള്‍/ജെറ്റ് ഇന്ധന കയറ്റുമതിയ്ക്ക് വിന്‍ഡ് ഫാള്‍ നികുതി ചുമത്തപ്പെട്ടതുമാണ് എണ്ണ കയറ്റുമതി കുറച്ചത്. അതേസമയം ഇറക്കുമതി വര്‍ദ്ധിച്ചത് വ്യാപാര കമ്മി ഉയര്‍ത്തി. 2022ലെ കറണ്ട് അക്കൗണ്ട് കമ്മി ജിഡിപിയുടെ 3.2% ആകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി അനുമാനിക്കുന്നു.
ബാലന്‍സ് ഓപ് പെയ്മന്റ് കമ്മി 60 ബില്ല്യണ്‍ ഡോളറും നിരക്ക് വര്‍ധന സെപ്തംബറില്‍ 50 ബിപിഎസും ഡിസംബറില്‍ 35 ബിപിഎസും പ്രതീക്ഷിക്കപ്പെടുന്നു. നാലാം പാദ പണപ്പെരുപ്പ അനുമാനം 5.5 ശതമാനത്തില്‍ നിന്നും 6.8 ശതമാനമാക്കി ഉയര്‍ത്താനും മോര്‍ഗന്‍ സ്റ്റാന്‍ലി തയ്യാറായി.






