
കൊച്ചി: ഹോർമുസ് ഇടനാഴി അടച്ചതോടെ ഇന്ധനവും രാസവളവും അടക്കമുള്ള അസംസ്കൃത ഉത്പന്നങ്ങളുടെ ഇറക്കുമതി തടസപ്പെട്ടതിനാല്‍ ഇന്ത്യയുടെ സാമ്പത്തിക വളർച്ച നടപ്പുവർഷം തിരിച്ചടി നേരിട്ടേക്കും.
ക്രൂഡോയില്‍ വില വർദ്ധനയും ഇറക്കുമതിയിലെ തടസങ്ങളും ഇന്ത്യയുടെ വളർച്ചാ നിരക്കില്‍ ഒരു ശതമാനം കുറവുണ്ടാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ 50 ശതമാനത്തിലധികം ഇന്ധനവും അസംസ്‌കൃത ഉത്പന്നങ്ങളും കടന്നുവരുന്ന ഹോർമുസ് കടലിടുക്ക് അടച്ചതാണ് രാജ്യത്തെ വ്യാവസായിക, വ്യാപാര മേഖലകള്‍ക്ക് കനത്ത തിരിച്ചടിയാകുന്നത്.
പുതിയ സാഹചര്യത്തില്‍ നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദന(ജി.ഡി.പി) വളർച്ച 6.5 ശതമാനത്തിലും താഴെയെത്തിയേക്കും. പാചക വാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകള്‍, റെസ്‌റ്ററന്റുകള്‍ എന്നിവയുടെ പ്രവർത്തനം തടസപ്പെട്ടതിനാല്‍ ഹോസ്‌പിറ്റിലാറ്റി മേഖല ജനുവരി മുതല്‍ മാർച്ച് വരെയുള്ള മാസത്തില്‍ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയേക്കും.
പ്രകൃതി വാതകം, ക്രൂഡോയില്‍ എന്നിവയുടെ വരവ് കുറഞ്ഞതിനാല്‍ വ്യാവസായിക ഉത്പാദന രംഗവും കടുത്ത പ്രതിസന്ധിയിലാണ്. മെറ്റലുകള്‍, സ്‌റ്റീല്‍, രാസവളം, കെമിക്കലുകള്‍, മാനുഫാക്‌ചേർഡ് ഉത്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനം വരും ദിവസങ്ങളില്‍ മന്ദഗതിയിലാകും.
അസംസ്‌കൃത സാധനങ്ങള്‍ എത്തുന്നില്ല
സർഫ്യൂരിക് ആസിഡ് അടക്കമുള്ള അസംസ്കൃത ഉത്പന്നങ്ങളുടെ ഇറക്കുമതി നിലച്ചതോടെ അവശ്യ സാധനങ്ങളുടെ ഉത്പാദനവും മുടങ്ങുകയാണ്. പഞ്ചസാര മുതല്‍ വ്യാവസായിക പാനലുകള്‍ വരെയുള്ള സാധനങ്ങളുടെ ഉത്പാദനത്തിലെ പ്രധാന ഘടകമാണ് സല്‍ഫ്യൂരിക് ആസിഡ്. രാജ്യത്തിന് ആവശ്യമായ സല്‍ഫ്യൂരിക് ആസിഡില്‍ 80 ശതമാനവും ഗള്‍ഫ് രാജ്യങ്ങളാണ് നല്‍കുന്നത്.
തളർച്ച ശക്തമാകും
ക്രൂഡോയില്‍, പ്രകൃതി വാതകം എന്നിവയ്ക്ക് 90 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍ സാമ്പത്തിക തളർച്ച രൂക്ഷമാകുമെന്ന് ഗോള്‍ഡ്മാൻ സാക്ക്സ് അടക്കമുള്ള ആഗോള ഏജൻസികള്‍ ചൂണ്ടിക്കാട്ടുന്നു.നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് 7.5 ശതമാനമാകുമെന്നാണ് നേരത്തെ വിലയിരുത്തിയിരുന്നത്.
പ്രതിസന്ധിയില്‍ തളരാത്ത ഇന്ത്യ
ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെയിലും നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ മൂന്ന് ത്രൈമാസക്കാലയളവുകളില്‍ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തില്‍(ജി.ഡി.പി) മികച്ച വളർച്ചയുണ്ടായിരുന്നു.
ജി.ഡി.പി വളർച്ച
ഏപ്രില്‍-ജൂണ്‍ : 7.8 ശതമാനം
ജൂലായ്-സെപ്തംബർ : 8.2 ശതമാനം
ഒക്‌ടോബർ-ഡിസംബർ : 7.8 ശതമാനം






