
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വകാര്യമേഖല പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റില്‍ റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ചതോടെ സ്വകാര്യ കമ്പനികളുടെ വില വര്‍ധിപ്പിക്കല്‍ ശേഷി 12 വര്‍ഷത്തെ ഉയര്‍ന്ന വേഗത്തിലായി. സേവന മേഖല ശക്തിപ്പെട്ടതും ഡിമാന്റ് വര്‍ദ്ധിച്ചതുമാണ് കാരണം.
വളര്‍ച്ച, സമ്പദ് വ്യവസ്ഥയുടെ ശക്തി വിളിച്ചോതുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വിലകൂടുന്നത് കാരണം നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നിര്‍ബന്ധിതരാകും.
എസ്ആന്റ്പി ഗ്ലോബല്‍ സമാഹരിച്ച എച്ച്എസ്ബിസി ഫ്‌ലാഷ് ഇന്ത്യ കോമ്പോസിറ്റി പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക (പിഎംഐ) ഓഗസ്റ്റില്‍ 65.2 ആയാണ് ഉയര്‍ന്നത്. കഴിഞ്ഞമാസം 61.1 ആയ സ്ഥാനത്താണിത്. 2005 ഡിസംബറില്‍ സര്‍വേ തുടങ്ങിയ ശേഷമുള്ള ഉയര്‍ന്ന റീഡിംഗാണിത്.
മാത്രമല്ല സൂചിക നാല്‍പത്തിയൊന്‍പതാം മാസവും അന്‍പതിന് മുകളില്‍ തുടര്‍ന്നു. സൂചികയിലെ 50 ന് മുകളിലുള്ള റീഡിംഗ് വളര്‍ച്ചയും 50 ന് താഴെ സങ്കോചവുമാണ്. റോയിട്ടേഴ്‌സ് പോളില്‍ പ്രവചിക്കപ്പെട്ടത് സൂചിക 60.5 ലെവലിലേയ്ക്ക് താഴുമെന്നായിരുന്നു.
പതിനെട്ട് വര്‍ഷത്തെ ഉയര്‍ന്ന ഓര്‍ഡറുകളാണ് സ്വകാര്യമേഖലയെ ഉത്തേജിപ്പിച്ചത്. ഉയരുന്ന ഡിമാന്റ് പ്രത്യേകിച്ചും അന്താരാഷ്ട്ര ഡിമാന്റാണ് ഇതില്‍ മുഖ്യം.
പുതിയ കയറ്റുമതി വ്യാപാരങ്ങള്‍ 2014 ന് ശേഷമുള്ള ഉയര്‍ന്ന നിലയിലെത്തി. സേവന മേഖല പ്രവര്‍ത്തന സൂചിക റെക്കോര്‍ഡ് നിരക്കായ 65.6 ലേയ്ക്ക് ഉയര്‍ന്നപ്പോള്‍ ഉത്പാദനമേഖല 59.8 ലെവലിലാണ്. 2008 ജനുവരിയ്ക്ക് ശേഷമുള്ള മികച്ച മുന്നേറ്റം.
ഇതോടെ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നത് വേഗത്തിലായി. ഉയര്‍ന്ന വേതനവും അസംസ്‌കൃത വിലയും കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി. ഇതോടെ പണപ്പെരുപ്പം ഉയരാനുള്ള സാധ്യതയേറി.