
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയോടെ ഇന്ത്യ ഉടൻതന്നെ ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ.
പേപ്പർ കറൻസികളുടെ ഉപയോഗം പരമാവധി കുറച്ചു സാമ്പത്തിക ഇടപാടുകൾ കുറേക്കൂടി വേഗത്തിലും സുരക്ഷിതമായും കൂടുതൽ സുതാര്യമായും നടത്തുകയാണ് ലക്ഷ്യം. എന്നാൽ ക്രിപ്റ്റോകറൻസിയെ പ്രോത്സാഹിപ്പിക്കില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഡിജിറ്റൽ കറൻസി പരമ്പരാഗത പണം പോലെ തന്നെയാണ്. പക്ഷെ ഇലക്‌ട്രോണിക് രൂപമായിരിക്കും. ഒരു കംപ്യൂട്ടർ ശൃംഖലയിലുടനീളമുള്ള ഇടപാടുകൾ ഡിജിറ്റലായി രേഖപ്പെടുത്തുന്ന ബ്ലോക്ക്ചെയിൻ സംവിധാനമാണ് ഡിജിറ്റൽ കറൻസി ഉപയോഗിക്കുക. ഇതുവഴി എല്ലാ ഡിജിറ്റൽ ഇടപാടുകളും സിസ്റ്റത്തിലൂടെ പരിശോധിക്കാൻ സാധിക്കുമെന്നതിനാൽ നിയമവിരുദ്ധമായ പണമിടപാടുകൾ തടയാനാകും.
ക്രിപ്റ്റോകറൻസികൾ ഇന്ത്യ നിരോധിച്ചിട്ടില്ലെങ്കിലും സർക്കാർ അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നില്ല. ബിറ്റ്കോയിൻ പോലുള്ള സ്വകാര്യ ക്രിപ്റ്റോകറൻസികൾ ഔദ്യോഗികമായ ഒരു ഗാരന്‍റിയുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.