
ന്യൂഡൽഹി: വിദേശപഠനത്തിനായി 2025-ൽ ഇന്ത്യൻ വിദ്യാർഥികൾ ചെലവാക്കിയത് 6.2 ലക്ഷം കോടി രൂപയെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട്. രാജ്യം ഉന്നതവിദ്യാഭ്യാസത്തിന് ആകെ ചെലവഴിക്കുന്ന തുകയുടെ പത്തിരട്ടിയോളമാണിത്. ജിഡിപിയുടെ രണ്ടു ശതമാനവും.
ഇന്ത്യയിൽ ആരോഗ്യരംഗത്ത് കഴിഞ്ഞവർഷം ആകെ ചെലവിട്ടത് ജിഡിപിയുടെ 1.9 ശതമാനമാണ്.
2019-ൽ 2.6 ലക്ഷം കോടി രൂപയാണ് 6.76 ലക്ഷം വിദ്യാർഥികളിലൂടെ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് ചെലവിട്ടത്. 2022-ൽ 9.07 ലക്ഷം വിദ്യാർഥികളിലൂടെ ഇത് 3.8 ലക്ഷം കോടിയായി വളർന്നു. വാർഷിക വളർച്ച 14 ശതമാനം തുടർന്നാൽ ഈ വർഷം ഡിസംബർ 31 വരെ 6.2 ലക്ഷം കോടി പുറത്തുപോകുമെന്നാണ് കണക്കാക്കുന്നത്.
രാജ്യത്തിന്റെ വ്യാപാരക്കമ്മിയുടെ 75 ശതമാനത്തോളം വരുമിത്. കഴിഞ്ഞവർഷം വരെയുള്ള കണക്കുപ്രകാരം ഒരു വിദ്യാർഥി ഇന്ത്യയിലേക്ക് പഠിക്കാനെത്തുമ്പോൾ 28 പേരാണ് പുറത്തേക്കു പോകുന്നത്.
ബഹുഭൂരിപക്ഷവും ഉയർന്ന ജീവിതച്ചെലവുകളുള്ള കാനഡ, യുഎസ്എ, യുകെ, ഓസ്ട്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങളാണ് തിരഞ്ഞെടുക്കുന്നത്. 2022 വരെ 47,000 വിദേശവിദ്യാർഥികളാണ് ഇന്ത്യയിലെത്തിയത്.






