
ന്യൂഡല്‍ഹി: ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും വിപണി വായ്പകളിലൂടെ 2.82 ലക്ഷം കോടി രൂപ കടമെടുക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വ്യക്തമാക്കി.
39,000 കോടി രൂപയുമായി തമിഴ് നാടാണ് പട്ടികയില്‍ ഒന്നാമത്. ഉത്തര്‍പ്രദേശ് 33,000 കോടി രൂപയും പശ്ചിമ ബംഗാള്‍ 29,000 കോടി രൂപയും ഗുജ്‌റാത്ത് 20,000 കോടി രൂപയും രാജസ്ഥാന്‍ 14,445 കോടി രൂപയും ബീഹാര്‍ 9800 കോടി രൂപയും മധ്യപ്രദേശ് 15600 കോടി രൂപയും ഗോവ 11,000 കോടി രൂപയും ഒഡീഷ 9000 കോടി രൂപയും ഹിമാചല്‍ പ്രദേശ് 1500 കോടി രൂപയും ഉത്തരാഖണ്ഡ് 4000 കോടി രൂപയും കടമെടുക്കും.
2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ സംസ്ഥാനങ്ങളൊരുമിച്ച് ഡെബ്റ്റ് ഉപകരണങ്ങള്‍ വഴി 5 ലക്ഷം കോടി രൂപ വായ്പ നേടി. സ്റ്റേറ്റ് ബോണ്ടുകളുടെ പുതിയ ലേലം ഒക്ടോബര്‍ 7 നാണ് ആരംഭിക്കുക. ഡിസംബര്‍ 30 വരെ 13 റൗണ്ട് ലേലം നടക്കും.
വായ്പകളുടെ യഥാര്‍ത്ഥ തുകയും പങ്കെടുക്കുന്ന സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വിശദാംശങ്ങളും ലേലത്തിന് രണ്ടോ മൂന്നോ ദിവസം മുമ്പ് അറിയിക്കും. ‘ഇത് സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആവശ്യകത, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293(3) പ്രകാരമുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകാരം, വിപണി സാഹചര്യങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കും.’ ആര്‍ബിഐ വ്യക്തമാക്കി.