
മുംബൈ: ആപ്പിളിന്റെയും സാംസങ്ങിന്റെയും അള്‍ട്രാ-പ്രീമിയം ഉപകരണ വില്‍പ്പനയിലെ കുത്തനെയുള്ള വര്‍ധനവ് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി മൂല്യത്തെ ഉയര്‍ത്തി. ഇതുവരെയുള്ള ഏറ്റവും മികച്ച രണ്ടാം പാദമാണ് ഇന്ത്യന്‍ സ്മാര്‍ട്ട് വിപണന രംഗം രേഖപ്പെടുത്തിയിരിക്കുന്നത്.
ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വിപണി മൂല്യം 18 ശതമാനവും വില്‍പന അളവ് 8 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ന്നുവെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് കാണിക്കുന്നു. വിപുലീകൃത ഇഎംഐകള്‍, റീട്ടെയില്‍ പ്രമോഷനുകള്‍, മെച്ചപ്പെട്ട ചാനല്‍ എക്‌സിക്യൂഷന്‍ എന്നിവയിലൂടെ ഈ പാദത്തില്‍ ഏറ്റവും കൂടുതല്‍ ഷിപ്പ് ചെയ്യപ്പെട്ട ഉപകരണമായി മാറിയത് ആപ്പിളിന്റെ ഐഫോണ്‍ 16 ആണ്.
മാത്രമല്ല, രാജ്യത്തെ ഏറ്റവും മികച്ച രണ്ടാം പാദ ഷിപ്പ്മെന്റും ആപ്പിളിന്റേതാണ്. പുതിയ ലോഞ്ചുകളുടെ കുത്തൊഴുക്ക്, വിശാലമായ ഓഫ്ലൈന്‍ വിപുലീകരണം, മെച്ചപ്പെട്ട മാക്രോ ഇക്കണോമിക് സാഹചര്യങ്ങള്‍ – കുറഞ്ഞ പണപ്പെരുപ്പം മുതല്‍ നികുതി ഇളവുകള്‍, റിപ്പോ നിരക്ക് കുറയ്ക്കല്‍ എന്നീ ഘടകങ്ങളാണ് വിപണിയുടെ തുണയ്‌ക്കെത്തുന്നത്.
ഇതോടെ പുതിയ ലോഞ്ചുകള്‍ 33 ശതമാനം വളര്‍ന്നു.
അള്‍ട്രാ പ്രീമിയം സെഗ്മെന്റ് (45,000 രൂപയ്ക്ക് മുകളില്‍) ആണ് ഏറ്റവും വേഗത്തില്‍ വളരുന്ന ശ്രേണി. ഈ സെഗ്മന്റ് 37 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ നോ-കോസ്റ്റ് ഇഎംഐകള്‍, ട്രേഡ്-ഇന്‍ ഡീലുകള്‍, പരിമിതകാല കിഴിവുകള്‍ എന്നിവ വാഗ്ദാനം ചെയത് ആപ്പിളും സാംസങ്ങും മേഖല കൈപ്പിടിയിലൊതുക്കി.
10,000 രൂപ മുതല്‍ 15,000 രൂപ വരെയുള്ള ശ്രേണിയില്‍ 23 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ചൈനീസ് നിര്‍മ്മാതാക്കളായ വിവോയാണ് മുന്നില്‍. എ,എസ് സീരീസിന്റെ വില്‍പനയുടെ മികവില്‍ സാംസങ് രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനം ഓപ്പോയ്ക്കാണ്.
ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ബ്രാന്റായി ആറാം പാദത്തിലും ഒപ്പോ തുടര്‍ന്നു. ശക്തമായ ജി, എഡ്ജ് സീരീസ് വില്‍പ്പനയും ചെറിയ പട്ടണങ്ങളിലെ ആഴത്തിലുള്ള വ്യാപ്തിയും കാരണം മോട്ടറോളയുടെ കയറ്റുമതി 86 ശതമാനവും ക്വാല്‍ക്കോയുടെ കയറ്റുമതി 28 ശതമാനവും വണ്‍പ്ലസിന്റേത് 75 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.
10,000 രൂപയില്‍ താഴെയുള്ള വിഭാഗത്തില്‍, 156 ശതമാനം വളര്‍ച്ചയോടെ ലാവ മുന്നിലെത്തിയപ്പോള്‍ ചിപ്സെറ്റ് മേഖലയില്‍, മീഡിയടെക് 47 ശതമാനം വിഹിതവുമായി ഒന്നാം സ്ഥാനത്തും ക്വാല്‍കോം 31 ശതമാനം വിഹിതവുമായി രണ്ടാം സ്ഥാനത്തുമാണ്.
പ്രായം കുറഞ്ഞ വാങ്ങുന്നവരെ ലക്ഷ്യം വച്ചുള്ള കോ-ബ്രാന്‍ഡഡ് ഫ്‌ലാഗ്ഷിപ്പായ ജിടി 7 പ്രോ ഡ്രീം എഡിഷനുമായി റിയല്‍മി അള്‍ട്രാ-പ്രീമിയം മേഖലയില്‍ പ്രവേശിക്കുന്നതിനും കഴിഞ്ഞപാദം സാക്ഷിയായി. ഉയര്‍ന്ന നിലവാരമുള്ള വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി ബ്രാന്‍ഡ് അതിന്റെ ഓഫ്ലൈന്‍ സാന്നിധ്യവും വികസിപ്പിക്കുകയാണ്.