
മുംബൈ: റഷ്യന്‍ എണ്ണവിതരണ കമ്പനികളായ റോസ്നെഫ്റ്റിനും ലുക്കോയിലിനും ഉപരോധമേര്‍പ്പെടുത്തിയ യുഎസ് നടപടി ഇന്ത്യയെ കാര്യമായി ബാധിക്കും. ഡിസ്‌ക്കൗണ്ട് നിരക്കില്‍ ലഭ്യമാകുന്ന റഷ്യന്‍ എണ്ണ നില്‍ക്കുന്നതോടെ മറ്റ് വിപണികളില്‍ നിന്നും വിലകൂടിയ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ നിര്‍ബന്ധിതമാകും. ഇത് എണ്ണബില്ല് 2 ശതമാനം വര്‍ദ്ധിക്കാന്‍ ഇടയാക്കും. റോസ്നെഫ്റ്റും ലുക്കോയിലും ഇന്ത്യയ്ക്ക് പ്രതിദിനം 1 ദശലക്ഷം ബാരല്‍ എണ്ണയാണ് നല്‍കുന്നത്.
അതും ബാരലിന് 2-4 ഡോളര്‍ വരെ കിഴിവില്‍. 2024-25 സാമ്പത്തികവര്‍ഷത്തില്‍ രാജ്യം 137 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള എണ്ണ ഇറക്കുമതി ചെയതു. അതുകൊണ്ടുതന്നെ 2 ശതമാനം വര്‍ദ്ധനവെന്നാല്‍ 2.7 ബില്യണ്‍ ഡോളറിന് തുല്യമാണ്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയുടെ എണ്ണ ഇറക്കുമതി വൈവിധ്യപൂര്‍ണ്ണമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അതായത് രാജ്യം പല വ്യത്യസ്ത സ്രോതസ്സുകളില്‍ നിന്ന് എണ്ണ വാങ്ങുന്നു. ഇത് വിതരണ തടസ്സങ്ങളുടെ സാധ്യത കുറയ്ക്കുന്നുണ്ട്. എന്നിരുന്നാലും, റഷ്യന്‍ എണ്ണയുടെ പെട്ടെന്നുള്ള നഷ്ടം ഹ്രസ്വകാല ആസൂത്രണത്തെയും വിലനിര്‍ണ്ണയത്തെയും ബാധിക്കും..
2023-24 സാമ്പത്തികവര്‍ഷം മുതല്‍ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരാണ് റഷ്യ. ഇവരുടെ വിഹിതം മൊത്തം ഇറക്കുമതിയുടെ 35 ശതമാനത്തോളം വരും. റോസ്നെഫ്റ്റ്, ലുക്കോയില്‍ എന്നിവയുമായി ബിസിനസ് നിര്‍ത്താന്‍ യുഎസ് ട്രഷറി വകുപ്പ് നവംബര്‍ 21 വരെ സമയപരിധി നല്‍കിയിട്ടുണ്ട്. ഈ തീയതിയ്ക്ക് ശേഷം ഇവയില്‍ നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിച്ചേയ്ക്കില്ല.
നിലവില്‍ ബാരലിന് 2-4 ഡോളര്‍ വരെ കിഴിവിലാണ് ഇന്ത്യയ്ക്ക് റഷ്യന്‍ എണ്ണ ലഭ്യമാകുന്നത്. പുതിയ സാഹചര്യത്തില്‍ ഉയര്‍ന്ന വിലയില്‍ പശ്ചിമേഷ്യയില്‍ നിന്നു മറ്റ് വിതരണക്കാരില്‍ നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ റിഫൈനര്‍മാര്‍ നിര്‍ബന്ധിതമാകും.






