സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിലെന്ന് പഠന റിപ്പോർട്ട്

രാജ്യത്ത് കുടുംബ കടം (കുടുംബത്തിലെ അംഗങ്ങളുടെ ആകെ കടം) കുത്തനെ ഉയർന്നെന്നും കുടുംബ നിക്ഷേപം മോശം നിലയിലേക്ക് താഴ്ന്നെന്നും പഠന റിപ്പോർട്ട്. 2022-23 സാമ്പത്തിക വർഷത്തെ കണക്കുകൾ വിശകലനം ചെയ്ത് സാമ്പത്തിക സേവന ദാതാക്കളായ മോത്തിലാൽ ഓസ്‌വാൾ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഗുരുതര ആശങ്ക ഉയർത്തുന്ന കണക്കുകളുള്ളത്.

ഇത് പ്രകാരം രാജ്യത്തെ കുടുംബ കടം ജിഡിപിയുടെ 40% ആയി ഉയർന്നു. അതേസമയം കുടുംബ നിക്ഷേപം ജിഡിപിയുടെ 5% ശതമാനമായി താഴുകയും ചെയ്തു. അറ്റ സാമ്പത്തിക സമ്പാദ്യം താഴ്ന്നതടക്കമുള്ള സ്ഥിതി വിശേഷം ‘നാടകീയം’ എന്നാണ് റിപ്പോർട്ട് വിശേഷിപ്പിക്കുന്നത്.

റിസർവ് ബാങ്ക് 2023 സെപ്തംബറിൽ ഇത് സംബന്ധിച്ച സൂചന നൽകിയിരുന്നു. അന്ന് കുടുംബ നിക്ഷേപം ജിഡിപിയുടെ 5.1% ആയി കുറഞ്ഞിട്ടുണ്ടെന്നും ഇത് 47 വർഷത്തെ ഏറ്റവും മോശം നിലയാണെന്നും പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ശക്തമായ വിമർശനം ഉയരുകയും ഇതിനോട് കേന്ദ്ര ധനമന്ത്രാലയം പ്രതികരിക്കുകയും ചെയ്തിരുന്നു. ഭാവിയിലെ ജോലിയിലും വരുമാനത്തിലും ഉറച്ച പ്രതീക്ഷയുള്ളതിനാൽ കുടുംബങ്ങൾ വായ്പയെടുത്ത് വീടും വാഹനവും വാങ്ങുന്നെന്നും അതുകൊണ്ടാണ് നിക്ഷേപം കുറയുന്നത് എന്നുമായിരുന്നു ധനമന്ത്രാലയത്തിൻ്റെ പ്രതികരണം.

അതിനാൽ തന്നെ ഇത് സാമ്പത്തിക തകർച്ചയുടെ അടയാളമല്ലെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
2022-23 സാമ്പത്തിക വർഷത്തെ പുതുക്കിയ ദേശീയ വരുമാന വിവരങ്ങൾ കേന്ദ്രസർക്കാർ ഫെബ്രുവരിയിൽ പുറത്തുവിട്ടിരുന്നു.

ഇത് പ്രകാരം കുടുംബങ്ങളുടെ സാമ്പത്തിക നിക്ഷേപം ജിഡിപിയുടെ 5.3% എന്നാണ് രേഖപ്പെടുത്തിയത്. അതും 47 വർഷത്തെ മോശം നിലയാണ്. 2011നും 2020 നും ഇടയിലെ ശരാശരി നിരക്കായ 7.6% അപേക്ഷിച്ച് വളരെ താഴ്ന്നതുമാണ് 2022-23 കാലത്തെ നിക്ഷേപ കണക്ക്.

2022-23 കാലത്ത് ജിഡിപിയുടെ 38% ആയി കുടുംബ കടം ഉയർന്നെന്നും കേന്ദ്രസർക്കാർ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. 2020-21 ൽ രേഖപ്പെടുത്തിയ 39.1% കുടുംബ കടത്തെ അപേക്ഷിച്ച് രണ്ടാം സ്ഥാനത്താണ് 2022-23 കാലത്തേത്.

എന്നാൽ മോത്തിലാൽ ഓസ്‌വാളിൻ്റെ കണക്കുകൾ പറയുന്നത് മറ്റൊന്നാണ്. ബാങ്ക് രേഖകൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ കണക്ക് പ്രകാരം രാജ്യത്തെ കുടുംബങ്ങളുടെ ആകെ കടം ജിഡിപിയുടെ 40 ശതമാനമായി ഉയർന്നിട്ടുണ്ട്.

ഈടില്ലാത്ത വ്യക്തിഗത വായ്പ കൂടുന്നതാണ് ഇതിന് പ്രധാന കാരണം. ഈട് വച്ചുള്ള വായ്പ, ബിസിനസ് വായ്പ, കാർഷിക വായ്പ എന്നിവയിലും വർധനവുണ്ടാവുന്നുണ്ട്. എന്നാൽ കുടുംബ വരുമാനത്തിൽ വലിയ വർധന രാജ്യത്ത് രേഖപ്പെടുത്തുന്നില്ല.

അതേസമയം ഉപഭോഗം കൂടുന്നുവെന്നും ഭൗതികമായ സ്വത്തുക്കളുടെ സമ്പാദ്യം ഉയരുന്നുവെന്നും കണക്കുകൾ പറയുന്നു.

കുടുംബ കടം ഉയരുന്നതും നിക്ഷേപം കുറയുന്നതും 2022-23 ലെ മാത്രം ഒറ്റപ്പെട്ട കണക്കല്ലെന്നാണ് മോത്തിലാൽ ഓസ്‌വാൾ സാമ്പത്തിക ഗവേഷകരായ നിഖിൽ ഗുപ്തയും തനിഷ ലധയും അഭിപ്രായപ്പെട്ടത്.

2023-24 സാമ്പത്തിക വർഷത്തിൽ ആദ്യ ഒൻപത് മാസം പിന്നിട്ടിട്ടും രാജ്യത്തെ കുടുംബങ്ങളുടെ നിക്ഷേപം 5% ത്തിൽ തന്നെ നിൽക്കുകയാണെന്ന് ഇവർ ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.

അതിനാൽ 2024 മാർച്ച് വരെയുള്ള കണക്കുകൾ പുറത്തുവന്നാലും രാജ്യത്തെ കുടുംബങ്ങളുടെ നിക്ഷേപം ജിഡിപിയുടെ 5.5% ത്തിന് മുകളിലേക്ക് പോകില്ലെന്നാണ് ഇവരുടെ വിലയിരുത്തൽ.

2022-23 കാലത്ത് കുടുംബങ്ങളുടെ ഭൗതിക ആസ്തി ദശാബ്ദത്തിലെ ഉയർന്ന നിലയിലാണ് എത്തിയതെങ്കിലും, ഇവരുടെ ആകെ സമ്പാദ്യം ആറ് വർഷത്തെ താഴ്ന്ന നിലയിലാണ്.

2022-23 കാലത്ത് ജിഡിപിയുടെ 18.4% മാത്രമാണ് രാജ്യത്തെ കുടുംബങ്ങളുടെ ആകെ സമ്പാദ്യം രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്ത ആഭ്യന്തര സമ്പാദ്യം ഇതോടെ ജിഡിപിയുടെ 30.2% ആയി താഴുകയും ചെയ്തു.

X
Top