
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് 25 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തില്‍ ആ രാജ്യത്തുനിന്നുള്ള ഓര്‍ഡര്‍ റദ്ദാവാനുള്ള സാധ്യത വ്യാപാരികള്‍ മുന്‍കൂട്ടി കാണുന്നു. ഇന്ത്യയ്‌ക്കെതിരായ തീരുവ പിഴ ഉള്‍പ്പടെ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളേക്കാള്‍ കൂടിയ സാഹചര്യത്തിലാണിത്.
ഒരു കയറ്റുമതി പ്രമോഷന്‍ മിഷന്‍ ഉടന്‍ നടപ്പിലാക്കണമെന്നും കയറ്റുമതി വായ്പയ്ക്ക് പലിശ തുല്യമാക്കണമെന്നും യുഎസ് വിപണിയില്‍ നിന്നും സഹായം അഭ്യര്‍ത്ഥിക്കണമെന്നും വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായുള്ള ചര്‍ച്ചയില്‍ വ്യവസായ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. തുണിത്തരങ്ങള്‍, സ്റ്റീല്‍, എഞ്ചിനീയറിംഗ്, കൃഷി മേഖലയുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
കയറ്റുമതിക്കാര്‍ താരിഫുകളുടെ പ്രതികൂല ഫലങ്ങളെക്കുറിച്ച് സംസാരിച്ചുവെന്നും പിന്തുണ ആവശ്യപ്പെട്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 7 നാണ് യുഎസ് ഇന്ത്യയ്‌ക്കെതിരെ പ്രഖ്യാപിച്ച ഏകീകൃത തീരുവയും പിഴയുമായ 25 ശതമാനം നിലവില്‍ വരുന്നത്.
ഇത് ഇന്ത്യയുടെ ഏകദേശം 85 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 25 ശതമാനം തീരുവ എതിരാളികളായ രാജ്യങ്ങളേക്കാള്‍ കൂടുതലായതിനാല്‍ കേന്ദ്ര, സംസ്ഥാന ആനുകൂല്യങ്ങള്‍ നികുതി കുറയ്ക്കല്‍ ഉള്‍പ്പടെ ലഭ്യമാക്കണമെന്നാണ് കയറ്റുമതിക്കാര്‍ ആവശ്യപ്പെടുന്നത്.
തുണിത്തര കയറ്റുമതിയുടെ മൂന്നിലൊന്ന് അമേരിക്കയിലേയ്ക്കായതിനാല്‍ തൊഴില്‍ ശക്തി കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് മേഖല പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയായ 437 ബില്യണ്‍ ഡോളറിന്റെ 20 ശതമാനം അമേരിക്കയിലേയ്ക്കാണ്.