
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2023 ല്‍ 6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റിന്റ്(യുഎന്‍സിടിഎഡി) അവരുടെ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടില്‍(ടിഡിആര്‍) പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ബലത്തില്‍ ദക്ഷിണേഷ്യന്‍ മേഖലയുടെ വളര്‍ച്ച 5.1 ശതമാനമാകും. 2022 ല്‍ ഇന്ത്യയും ദക്ഷിണേഷ്യയും യഥാക്രമം 6.6 ശതമാനവും 5.7 ശതമാനവും വളര്‍ച്ച നേടിയിരുന്നു.
സര്‍ക്കാര്‍ ചെലവഴിക്കല്‍ കുറയുന്നതാണ് നടപ്പ് വര്‍ഷത്തില്‍ വളര്‍ച്ച കുറയ്ക്കുക, ടിഡിആര്‍ അപ്‌ഡേറ്റ് പറയുന്നു. ഉയര്‍ന്ന പൊതു, സ്വകാര്യ നിക്ഷേപത്തിന്റെയും ഉപഭോഗത്തിന്റെയും കയറ്റുമതിയുടെയും പോസിറ്റീവ് ഇഫക്റ്റ് 2022 ല്‍ ഇന്ത്യ കണ്ടു. എന്നാല്‍ ഉയര്‍ന്ന ഊര്‍ജ്ജ ഇറക്കുമതി ബില്ലുകള്‍ കാരണം നേട്ടം ഭാഗികമായി നികത്തപ്പെട്ടു.
ഉയര്‍ന്ന എണ്ണവില കറന്റ് അക്കൗണ്ട് കമ്മി വര്‍ദ്ധിപ്പിക്കുകയും കരുതല്‍ ശേഖരം ഇല്ലാതാക്കുകയും ചെയ്തു. ‘വിദേശ മൂലധന ഒഴുക്ക്, ദുര്‍ബലമായ കറന്‍സി, പണപ്പെരുപ്പ അപകടസാധ്യതകള്‍ എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിമിതപ്പെടുത്തുന്നതിന് റിസര്‍വ് ബാങ്ക് 2022 ലെ വസന്തകാലത്ത് നയ നിലപാട് കര്‍ശനമാക്കാന്‍ തുടങ്ങി.
ആഗോള വളര്‍ച്ചയുടെ കാര്യത്തില്‍ റിപ്പോര്‍ട്ട് ആശങ്ക രേഖപ്പെടുത്തുന്നു. കേന്ദ്രബാങ്കുകള്‍ നിരക്കുയര്‍ത്തുന്നത് പാന്‍ഡമിക്കിന് ശേഷമുള്ള പുനരുജ്ജീവനം അവതാളത്തിലാക്കും. പെട്ടെന്നുള്ള ഉയര്‍ന്ന നിരക്ക് വര്‍ദ്ധന, സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു.
എന്നാല്‍ പ്രതിസന്ധിയുടെ കൃത്യമായ സമയവും രൂപരേഖയും പ്രവചിക്കാന്‍ പ്രയാസമാണ്. ആഗോള സമ്പദ് വ്യവസ്ഥയുടെ ദുര്‍ബലത കണക്കിലെടുത്ത് ഏകപക്ഷീയ നിരക്ക് വര്‍ദ്ധന ഒഴിവാക്കണമെന്ന് റിപ്പോര്‍ട്ട് കേന്ദ്രബാങ്കുകളോട് ആവശ്യപ്പെട്ടു.






