അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

പ്രവചനങ്ങളെ കടത്തിവെട്ടി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ; രണ്ടാം പാദത്തിൽ കുതിച്ച് ജിഡിപി, ജൂലൈ-സെപ്റ്റംബർ പാദത്തിൽ 8.2 ശതമാനം വളർച്ച

  • 18 മാസത്തെ ഏറ്റവും വേഗത്തിലുള്ള വളർച്ച
  • താരിഫ് ആഘാതം ഏശിയില്ല

ന്യൂഡൽഹി: ഉപഭോക്തൃ ചെലവിലെ ശക്തമായ വർധനവും പ്രാദേശിക ഉത്സവങ്ങൾ മുന്നിൽ കണ്ടുള്ള ഉൽപാദന വർധനവും മൂലം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ 18 മാസത്തെ ഏറ്റവും വേഗത്തിലുള്ള വളർച്ച രേഖപ്പെടുത്തി. ജൂലൈ-സെപ്റ്റംബർ പാദത്തിൽ 8.2 ശതമാനം വളർച്ചയാണ് രാജ്യം നേടിയത്. മുൻ പാദത്തിലെ 7.8 ശതമാനം വളർച്ചയെയും മറികടന്നാണ് ഈ മുന്നേറ്റം. ഇന്ന് പുറത്തുവിട്ട കണക്കുകളാണ് വേഗത്തിലുള്ള മുന്നേറ്റം പ്രകടമാകുന്നത്.

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 14 ശതമാനം സംഭാവന ചെയ്യുന്ന മാനുഫാക്ചറിങ് മേഖല 9.1 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 2.2 ശതമാനം മാത്രമായിരുന്നു വളർച്ച. സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ ജിഡിപി 8.7 ശതമാനം നിരക്കിൽ വളർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുടെ ഈ ശക്തമായ വളർച്ച, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഭ്യന്തര പിന്തുണ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കൂടാതെ, റഷ്യൻ എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട് യുഎസ് ഏർപ്പെടുത്തിയ അധിക നികുതികളെ തുടർന്ന് പ്രതിസന്ധിയിലായ ടെക്സ്റ്റൈൽസ്, രത്നം-ആഭരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് യുഎസുമായി വ്യാപാര കരാറിന് ശ്രമിക്കാനുള്ള സാധ്യതകളും തുറന്നു നൽകുന്നതാണ് പുതിയ വളര്‍ച്ചാ റിപ്പോര്‍ട്ട്.

2047 ആകുമ്പോഴേക്കും വികസിത രാഷ്ട്രത്തിന്റെ സ്വപ്നമായ ‘വിക്ഷിത് ഭാരത്’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്, ഇന്ത്യ ചുരുങ്ങിയത് പത്തോ ഇരുപതോ വർഷത്തേക്ക് സ്ഥിരമായി ഏകദേശം 8 ശതമാനം വളർച്ചാ നിരക്ക് കൈവരിക്കേണ്ടതുണ്ടെന്ന് 2024-25 ലെ സാമ്പത്തിക സർവേ രേഖയിൽ പറഞ്ഞിരുന്നു.

2013-14 ൽ ഇന്ത്യ പതിനൊന്നാമത്തെ സമ്പദ് വ്യവസ്ഥയായിരുന്നെങ്കിൽ ഇപ്പോൾ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. കഴിഞ്ഞ ദശകത്തിൽ സാമ്പത്തിക വലിപ്പത്തിന്റെ കാര്യത്തിൽ ഇന്ത്യ പല രാജ്യങ്ങളെയും മറികടന്നുവെങ്കിലും പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ പുരോഗതി കൈവരിക്കേണ്ടതുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2021-22 ലും 2022-23 ലും സമ്പദ്‌വ്യവസ്ഥ യഥാക്രമം 8.7 ശതമാനവും 7.2 ശതമാനവും വളർന്നു.

“2025/26 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ 8.2 ശതമാനം ജിഡിപി വളർച്ച വളരെ മികച്ചതാണ്. വളർച്ചയെ അനുകൂലിക്കുന്ന നയസമീപനങ്ങളുടെയും പരിഷ്കാരങ്ങളുടെയും സ്വാധീന ഫലമാണ്,” എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു. പരിഷ്കരണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് സർക്കാർ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി, കഴിഞ്ഞ മൂന്ന് മാസത്തിനിടെ സർക്കാർ നൂറുകണക്കിന് ഉൽപ്പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കുകയും ഏറെക്കാലമായി വൈകിയ തൊഴിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തിരുന്നു.

ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ (ഫാസ്റ്റസ്റ്റ് ഗ്രോവിങ് മേജർ ഇക്കണോമി) എന്ന പട്ടം ഇന്ത്യതന്നെ നിലനിർത്തുകയും ചെയ്തു. ഈ രംഗത്തെ പ്രധാന എതിരാളിയായ ചൈനയുടെ ജിഡിപി വളർച്ച 4.8% മാത്രം. യുഎസ് ഔദ്യോഗികമായി കണക്ക് പുറത്തുവിട്ടിട്ടില്ല. എങ്കിലും പ്രതീക്ഷിക്കുന്ന വളർച്ച 4 ശതമാനത്തിനടുത്ത്. ജപ്പാൻ നെഗറ്റീവ് 0.4%, ജർമനി പൂജ്യം ശതമാനം, യുകെ 0.1% എന്നിങ്ങനെയുമാണ് വളർന്നത്.

X
Top