
മുംബൈ: രാജ്യത്തെ കമ്പനികളുടെ വരുമാനം കഴിഞ്ഞ ഏഴ് പാദത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് റിപ്പോര്‍ട്ട്. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 3.4 ശതമാനം വളര്‍ച്ചയാണ് വരുമാനത്തിലുണ്ടായത്.
മാനുഫാക്ചറിംഗ്, സര്‍വീസ് തുടങ്ങിയ മേഖലകളിലെ 3,000 ലിസ്റ്റഡ് കമ്പനികളുടെ പാദഫലങ്ങളാണ് റിപ്പോര്‍ട്ട് അവലോകനം ചെയ്തത്. മാനുഫാക്ചറിംഗ് മേഖലയില്‍ 2025 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 5.1 ശതമാനവും കഴിഞ്ഞ വര്‍ഷം ഒന്നാം പാദത്തില്‍ 6.8 ശതമാനം വളര്‍ച്ചയും കാഴ്ചവച്ചിടത്ത് 2.8 ശതമാനം വളര്‍ച്ചയാണ് നടപ്പു വര്‍ഷം ഒന്നാം പാദത്തില്‍ നേടിയത്.
റിഫൈനറീസ്, ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനീസ്, ഫെര്‍ട്ടിലൈസേഴ്‌സ് എന്നിവയാണ് വരുമാനത്തില്‍ കൂടുതല്‍ തിരിച്ചടി നേരിട്ടത്. മണ്‍സൂണ്‍ നേരത്തെ എത്തിയതും റിയല്‍ എസ്റ്റേറ്റ് വില്‍പ്പന കുറഞ്ഞതുമെല്ലാം വ്യാപാരം, ഗതാഗതം, റിയല്‍ എസ്റ്റേറ്റ് മേഖലകളെ കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം എക്‌സ്‌പെന്‍ഡീച്ചര്‍ സൈഡില്‍ മൊത്തം ചെലവുകളിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. 2.4 ശതമാനമായാണ് കുറഞ്ഞത്. സ്റ്റീല്‍, സിമന്റ്, ഇന്‍ഫ്രസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ ചെലവഴിക്കല്‍ നേട്ടമായി.
പ്രതീക്ഷ രണ്ടാം പാദത്തില്‍നഗരമേഖലകളില്‍ ഡിമാന്‍ഡ് കുറഞ്ഞത് എഫ്.എം.സി.ജി, ക്വിക്ക് സര്‍വീസ് റെസ്റ്ററന്റുകള്‍, ഓട്ടോമൊബൈല്‍സ് എന്നിവയില്‍ സമ്മര്‍ദ്ദമുണ്ടാക്കി. ഐ.ടി മേഖലയിലും വലിയ തിരിച്ചടിയാണുണ്ടായത്.
പ്രീമിയം ഹൗസിംഗ് വിഭാഗത്തില്‍ വില്‍പ്പന ഉയര്‍ന്നത് റിയല്‍ എസ്റ്റേറ്റില്‍ ചെറിയ മുന്നേറ്റമുണ്ടാക്കിയെങ്കിലും മൊത്തം വില്‍പ്പന വളര്‍ച്ച കുറവാണ്.
ജി.എസ്.ടി പരിഷ്‌കാരവും പുതിയ നയങ്ങളും രണ്ടാം പകുതിയില്‍ ആഭ്യന്തര ഡിമാന്‍ഡ് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ടെക്‌സ്റ്റൈല്‍സ് പോലുള്ള കയറ്റുമതി അധിഷ്ഠിത മേഖലകളുടെ വളര്‍ച്ച ദുര്‍ബലമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.