
മുംബൈ: റഷ്യയില്‍ നിന്നും വീണ്ടും എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യൻ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ എണ്ണ ആവശ്യപ്പെട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയവും പുതിയ ഓർഡറുകൾ നൽകിയിട്ടുണ്ട്.
അമേരിക്ക ഇന്ത്യയ്ക്ക് മേൽ തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് റഷ്യൻ എണ്ണയുടെ വാങ്ങൽ കുറച്ചിരുന്നെങ്കിലും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിലുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് ഇന്ത്യ വീണ്ടും ഇറക്കുമതിക്ക് മുതിർന്നത്.
ജൂലൈയിൽ വില ഇളവ് കുറഞ്ഞതിനെ തുടർന്ന് റഷ്യയിൽ നിന്നും ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങൽ കുറച്ചപ്പോൾ, ചൈനയാണ് റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങിയത്. എന്നാൽ ആഗസ്റ്റ് 27 മുതൽ റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കു മേൽ 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണിക്കിക്കിടയിലും, ഇന്ത്യൻ കമ്പനികൾ വാങ്ങൽ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.
വിപണിയിലെ സാഹചര്യം വിലയിരുത്തി ഭാവിയിലും വാങ്ങൽ തുടരുമെന്ന് ഇന്ത്യൻ ഓയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, ഇന്ത്യ കൂടുതൽ എണ്ണ വാങ്ങാൻ സന്നദ്ധമായതോടെ, ഇന്ത്യൻ ഉത്പ്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ താത്പര്യമുണ്ടെന്ന് റഷ്യ അറിയിച്ചു.
യുഎസ് ഏകപക്ഷീയമായി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ അംഗീകരിക്കാനാവില്ലെന്നും, ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന രാജ്യങ്ങൾക്ക് തന്നെ ഇത്തരം നടപടികൾ തിരിച്ചടിയാകുമെന്നും റഷ്യൻ പ്രതിനിധി റോമൻ ബാബുഷ്കിൻ വ്യക്തമാക്കി.
യുക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യയ്ക്കെതിരെ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയ്‌ക്കെതിരെ തീരുവ ഏർപ്പെടുത്തിയതെന്ന വൈറ്റ് ഹൗസ് വക്താവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.
ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാൻ നടപടികൾ സ്വീകരിക്കുമെന്നും, ഊർജോത്പ്പന്നങ്ങളുടെ വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും ഇന്ത്യയിലെ റഷ്യൻ എംബസി വ്യക്തമാക്കി.






