
ന്യൂഡൽഹി: ലോകത്തിലെ പുതിയ നിർമ്മാണ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് തായ് വാൻ ടെക് ഭീമനായ ഫോക്സ്‌കോൺ (ഹോൺ ഹായ് ടെക്നോളജി ഗ്രൂപ്പ്) ചെയർമാനും സി.ഇ.ഒയുമായ യംഗ് ലിയു പറഞ്ഞു. ഉത്പാദനരംഗത്ത് ഇന്ത്യ വളരെ പ്രധാനപ്പെട്ട രാജ്യമാകുമെന്ന് ലിയു പറഞ്ഞു.
ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ (ഇ.വി) ഫാക്ടറി ഉടൻ സ്ഥാപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ചൈനയേക്കാൾ വേഗത്തിൽ വ്യവസായ ആവാസ വ്യവസ്ഥ നിർമ്മിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നാണ് വിശ്വാസം.
ചൈനയിൽ ഒരു വിതരണശൃംഖല സൃഷ്ടിക്കാൻ മുപ്പതിലേറെ വർഷമെടുത്തു. ഇന്ത്യയിലേക്ക് വിതരണ ശൃംഖല മാറ്റുന്നതിന് ഇന്നത്തെ സാഹചര്യത്തിൽ കുറച്ച് സമയം മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ഗവൺമെന്റിന്റെ നിശ്ചയദാർഢ്യം അറിയാവുന്നതാണ്. അത് എങ്ങോട്ട് പോകുമെന്നതിൽ വളരെ ശുഭാപ്തിവിശ്വാസമുണ്ടെന്നും ലിയു പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ വികസനം എല്ലാവർക്കും കാണാൻ സാധിക്കും. ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യ പൂർണമായി വികസിക്കാൻ തുടങ്ങുകയാണെന്നും ഫോക്സ്കോൺ ചെയർമാൻ പറഞ്ഞു.
ഫോക്സ്‌കോണിന്റെ ഭാവി പദ്ധതികളെക്കുറിച്ച് സംസാരിച്ച ലിയു, തമിഴ്നാടിനെ ഒരു സാധ്യതയുള്ള സ്ഥലമാക്കി ഇന്ത്യയിൽ ഉടൻ തന്നെ ഒരു ഇ.വി നിർമ്മാണ പ്ലാന്റ് ആരംഭിക്കുന്നത് പരിഗണിക്കുകയാണെന്ന് പറഞ്ഞു. ഒഹായോയിലും തായ്ലൻഡിലും ഇ.വി ഫാക്ടറികൾ സ്ഥാപിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഗാന്ധിനഗറിൽ നടന്ന സെമികോൺ ഇന്ത്യ കോൺക്ലേവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ലിയു, വികസനത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ തായ്‌വാൻ അതിന്റെ ഏറ്റവും വിശ്വസനീയവുമായ പങ്കാളിയാകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഫോക്സ്‌കോൺ 2005 മുതൽ ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്ന കമ്പനിയാണ്.
ആപ്പിളിന്റെ ഉത്പന്നങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ കരാർ നിർമ്മാതാക്കളായ ഫോക്സ്കോൺ ഇപ്പോൾ ഇന്ത്യയിലെ ഐഫോണുകളുടെ മുൻനിര നിർമ്മാതാക്കളിൽ ഒന്നാണ്. കമ്പനിയുടെ കണക്കുകൾ പ്രകാരം 2022-ൽ ഫോക്സ്‌കോണിന്റെ വരുമാനത്തിന്റെ 4.6 ശതമാനം ഇന്ത്യയിൽ നിന്നുള്ള സംഭാവനയാണ്.
കേന്ദ്ര-പ്രാദേശിക സർക്കാരുകളുമായുള്ള അടുത്ത സഹകരണത്തിലൂടെ, കൂടുതൽ സംസ്ഥാനങ്ങളിൽ വ്യവസായ പാർക്കുകൾ സ്ഥാപിക്കാനും പദ്ധതിയിടുന്നതായി ഫോക്സ്കോൺ ചെയർമാൻ പറഞ്ഞു.