
ദില്ലി: ഉഭയകക്ഷി വ്യാപാര കരാറിനായുള്ള അഞ്ചാം റൗണ്ട് ചർച്ചകൾ അവസാനിപ്പിച്ച് ഇന്ത്യൻ സംഘം തിരിച്ചെത്തി. അമേരിക്കയുമായുള്ള പുതിയ വ്യാപാരക്കരാറുകളെ കുറിച്ചുള്ള ചർച്ച നാല് ദിവസം നീണ്ടുനിന്നു.
വാഷിംഗ്ടണിൽ ആണ് ഇന്ത്യ, അമേരിക്ക പ്രതിനിധികൾ യോഗം ചേർന്നത്. ഇന്ത്യയുടെ ചീഫ് നെഗോഷ്യേറ്ററും വാണിജ്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറിയുമായ രാജേഷ് അഗർവാളാണ് ചർച്ചകൾക്കുള്ള ടീമിനെ നയിക്കുന്നത്.
ഇന്ത്യ – യുഎസ് ഇടക്കാല വ്യാപാര കരാർ ഓഗസ്റ്റ് 1 ന് മുമ്പ് ഉണ്ടായേക്കുമെന്നാണ് സൂചന. കാരണം, അമേരിക്കൻ പ്രസിഡന്റ് ഡെണാൾഡ് ട്രംപ് താരിഫ് ഇളവുകൾ നൽകിയിരിക്കുന്നത് അതുവരെയാണ്.
ഏപ്രിൽ 2 നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർന്ന താരിഫുകൾ പ്രഖ്യാപിച്ചത്. നിരവധി രാജ്യങ്ങളുമായി അമേരിക്ക വ്യാപാര കരാറുകൾ ചർച്ച ചെയ്യുന്നതിനാൽ ജൂലൈ 9 വരെയും പിന്നീട് ഓഗസ്റ്റ് 1 വരെയും താരിഫ് നടപ്പാക്കൽ നീട്ടുകയായിരുന്നു.
അഞ്ചാം റൗണ്ട് ചർച്ചകളിൽ കൃഷി, ഓട്ടോമൊബൈൽ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിച്ചതെന്നാണ് സൂചന. വ്യാപാരക്കമ്മി നികത്തുന്നതിനായി ഏപ്രിൽ രണ്ടിന് പ്രഖ്യാപിച്ച ഇന്ത്യൻ ഇറക്കുമതിയുടെ 26 ശതമാനം അധിക നികുതി ട്രംപ് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
എന്നാൽ അടിസ്ഥാന താരിഫായ 10 ശതമാനം ഇപ്പോഴും നിലവിലുണ്ട്. അധികമായി ഏർപ്പെടുത്തിയ 26 ശതമാനം താരിഫിൽ നിന്ന് പൂർണ്ണമായ ഒഴിവാക്കലാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.
ഈ വർഷം സെപ്റ്റംബർ-ഒക്ടോബർ എത്തുമ്പോഴേക്ക് നിർദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിന്റെ (ബിടിഎ) ആദ്യ ഘട്ട ചർച്ചകൾ പൂർത്തിയാക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്. അതിനുമുമ്പ്, ഒരു ഇടക്കാല വ്യാപാര കരാറിനായി അവർ ശ്രമിക്കുന്നുണ്ട്.
താരിഫുകൾ പ്രഖ്യാപിച്ചതോടെ ഈ ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള ചരക്ക് കയറ്റുമതി 22.8 ശതമാനം ഉയർന്ന് 25.51 ബില്യൺ ഡോളറിലെത്തി, ഇറക്കുമതി 11.68 ശതമാനം ഉയർന്ന് 12.86 ബില്യൺ ഡോളറിലുമെത്തി.