
വാഷിങ്ടൻ: ഇന്ത്യയും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച 50% താരിഫ് യുദ്ധത്തിന് അയവ് വരുമെന്ന സൂചന നൽകി ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിച്ചു. ഉദ്യോഗസ്ഥ തലത്തിൽ വ്യാപാര കരാറിനായുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചെങ്കിലും, ഓഗസ്റ്റ് 2025-ൽ ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50% താരിഫ് ഏർപ്പെടുത്തിയതോടെ ബന്ധം വഷളായിരുന്നു.
ഈ താരിഫ് വർധനവിന് മുൻപ് തന്നെ ഇന്ത്യ അമേരിക്കയിൽ ലോബിയിങ് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിൽ, ട്രംപ് ഭരണകൂടവുമായി ബന്ധമുള്ള മെർക്കുറി പബ്ലിക് അഫയേഴ്സ് എന്ന രണ്ടാമതൊരു ലോബിയിങ് സ്ഥാപനത്തെ കൂടി ഇന്ത്യൻ എംബസ്സി ഓഗസ്റ്റിൽ താരിഫ് ചർച്ചകൾക്കായി നിയമിക്കുകയും ചെയ്തിരുന്നു.
താരിഫ് വർധനവിനെ തുടർന്ന് ചർച്ചകൾ വഴിമുട്ടിയെങ്കിലും, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വ്യാപാര പ്രതിനിധി സംഘം സെപ്റ്റംബർ അവസാനത്തോടെ വാഷിങ്ടൻ സന്ദർശിച്ച് ചർച്ചകൾ പുനരാരംഭിച്ചു. പ്രതിരോധ, ഊർജ ഉൽപന്നങ്ങൾ അമേരിക്കയിൽ നിന്ന് കൂടുതൽ വാങ്ങാനും, ജനിതകമാറ്റം വരുത്തിയ ചോളത്തിന്റെ ഇറക്കുമതി നിയന്ത്രണങ്ങളിൽ അയവ് വരുത്താനും ഇന്ത്യ സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
ഒക്ടോബറിൽ യുഎസ് അംബാസഡർ-നിയുക്തനായ സെർജിയോ ഗോർ ന്യൂഡൽഹിയിലെത്തി ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി.ചർച്ചകൾ പുനരാരംഭിച്ചതോടെ, ഇരുപക്ഷവും കച്ചവട കരാറിന്റെ ആദ്യഘട്ടം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.
ഈ മാസം പകുതിയോടെ ഇന്ത്യൻ വ്യാപാര പ്രതിനിധി സംഘം അടുത്ത ഘട്ടം ചർച്ചകൾക്കായി വാഷിങ്ടനിലേക്ക് എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. മുഴുവൻ വ്യാപാര കരാറിലേക്കുള്ള പ്രവേശനവും ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പോലുള്ള മറ്റ് വിശാലമായ വിഷയങ്ങളിൽ ഉണ്ടാകുന്ന പുരോഗതിയെ ആശ്രയിച്ചിരിക്കും.