
ചെന്നൈ: യു.എസും ഇന്ത്യയും തമ്മിലുള്ള ആഴമേറിയ ബന്ധം പല സുപ്രധാന മേഖലകളിലും വളർന്നുകൊണ്ടിരിക്കുന്നതായും ഈ പങ്കാളിത്തത്തിൽ ദക്ഷിണേന്ത്യക്ക് ഒരു പ്രധാന പങ്കുണ്ടെന്നും യു.എസ്. അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു.
ചെന്നൈ യു.എസ്. കോൺസുലേറ്റ് ജനറൽ കാര്യാലയം നടത്തിയ 247ാം അമേരിക്കൻ സ്വാതന്ത്ര്യ വാർഷികാഘോഷത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ്. സന്ദർശനം ഇരു രാജ്യങ്ങളും തമ്മിൽ ത്വരിതഗതിയിലുള്ള സഹകരണത്തിന്റെ ഒരു മികച്ച ഉദാഹരണമാണ്. ഇൻഡോ-പസിഫിക് മേഖലയിൽ ഇന്ത്യയുമായി ചേർന്ന് പൊതുവായ ലക്ഷ്യങ്ങൾക്കായി പ്രവർത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ഈ പങ്കാളിത്തം ആഴമേറിയതാക്കാൻ ചേർന്ന് പ്രവർത്തിക്കുമെന്നും ഗാർസെറ്റി പറഞ്ഞു.
യു.എസുമായി ആഴമേറിയ ബന്ധമുള്ള തമിഴ്‌നാടിന്റെ പ്രതിനിധിയായി ആഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് തമിഴ്‌നാട് മന്ത്രി ഡോ. ടി.ആർ.ബി. രാജാ പറഞ്ഞു.
യു.എസ്. പങ്കാളിത്തത്തോടെ സ്ഥായിയായ വ്യാവസായിക വളർച്ചയ്ക്കുവേണ്ടി ഈ ബന്ധം കൂടുതൽ ആഴമേറിയതാക്കാനാണ് ആഗ്രഹിക്കുന്നതെന്നും എല്ലാ അമേരിക്കൻ പൗരർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നുകൊണ്ട് മന്ത്രി രാജാ പറഞ്ഞു.
റിയർ അഡ്‌മിറൽ മൈക്കൽ ബേക്കർ, ഡൽഹി യു.എസ്. എമ്പസ്സി ഡിഫെൻസ് ഉപസ്ഥാനപതി ജെഫ്രി പാരിഷ്, യു.എസ്. നാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. സേതുരാമൻ പഞ്ചനാഥൻ, യു.എസ്. കോൺസുൽ ജനറൽ ജൂഡിത് റേവിൻ, വൈസ്-കോൺസുൽ ക്യാമിൽ സോയ് സ്വിൻസൺ തുടങ്ങിയവർ പങ്കെടുത്തു.
ഫോർത്ത് ഒഫ് ജൂലൈ എന്ന പേരിലും അറിയപ്പെടുന്ന അമേരിക്കൻ സ്വാതന്ത്ര്യദിനം 1776 ജൂലൈ നാലിന് നടന്ന സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഓർമ്മ പുതുക്കലാണ്.
ഇൻഡോ-പസിഫിക്, ലിംഗസമത്വം, നവീന സാങ്കേതികവിദ്യ, ബഹിരാകാശം, കാലാവസ്‌ഥാ വ്യതിയാനം എന്നിങ്ങനെ വിവിധ മേഖലകളിൽ നടന്നു വരുന്ന യു.എസ്.-ഇന്ത്യ സഹകരണം എടുത്ത് കാട്ടിയ സ്വാതന്ത്ര്യ വാർഷികാഘോഷം ഇരു രാജ്യങ്ങളിലെ ആളുകളും സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ പ്രാധാന്യവും പ്രതിഫലിക്കുന്ന വേദിയായി.






