
ന്യൂഡൽഹി: ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരക്കരാറിനെ സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യാഴാഴ്ച ഫോൺ സംഭാഷണം നടത്തി. വിവിധ മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു പ്രധാന മായും ചർച്ചയെന്നാണ് റിപ്പോർട്ട്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിലെ പുരോഗതി ഇരുവരും വിലയിരുത്തുകയും വ്യാപാരം, നിർണായക സാങ്കേതികവിദ്യകൾ, ഊർജം, പ്രതിരോധം, സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നത് ചർച്ച ചെയ്യുകയും ചെയ്തതായി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ദ്വിപക്ഷീയ സഹകരണം ശക്തിപ്പെടുത്തിയതിൽ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചെന്നും പ്രത്യേകിച്ച് വ്യാപാരത്തെക്കുറിച്ച് പ്രത്യേകം പരാമർശിക്കുകയും ദ്വിപക്ഷീയ വ്യാപാരം വർധിപ്പിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങളിൽ ഊർജസ്വലത നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം അടിവരയിടുകയും ചെയ്തതായി പ്രസ്താവനയിൽ പറയുന്നു. വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനും പൊതുതാൽപര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി പ്രവർത്തിക്കാൻ ഇരുനേതാക്കളും സമ്മതിച്ചതായി പ്രസ്താവനയിൽ പറയുന്നു.
21-ാം നൂറ്റാണ്ടിലെ ഇന്ത്യ – യുഎസ് കോംപാക്റ്റ് (ഇന്ത്യ-യുഎസ് കോംപാക്റ്റ് – സൈനിക പങ്കാളിത്തം, വേഗതയേറിയ വാണിജ്യം, സാങ്കേതികവിദ്യ എന്നിവയ്ക്കുള്ള അവസരങ്ങൾ പ്രോത്സാഹിപ്പിക്കൽ) നടപ്പാക്കുന്നതിൽ കേന്ദ്രീകൃതമായ നിർണായക സാങ്കേതികവിദ്യകൾ, ഊർജം, പ്രതിരോധം, സുരക്ഷ, മറ്റ് മുൻഗണനാ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ചും നേതാക്കൾ ആശയങ്ങൾ കൈമാറിയതായും പ്രസ്താവന വ്യക്തമാക്കിയിട്ടുണ്ട്.
ഫോൺസംഭാഷണത്തെ കുറിച്ച് പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് പങ്കുവെച്ചു. ഊഷ്മളവും ആകർഷകവുമായ സംഭാഷണം എന്നാണ് മോദി ഫോൺവിളിയെ വിശേഷിപ്പിച്ചത്. എന്നാൽ വ്യാപാരത്തെക്കുറിച്ച് പോസ്റ്റിൽ പരാമർശിച്ചിട്ടില്ല. ‘പ്രസിഡന്റ് ട്രംപുമായി വളരെ ഊഷ്മളവും ആകർഷകവുമായ ചർച്ച നടത്തി. ഞങ്ങളുടെ ദ്വിപക്ഷീയ ബന്ധത്തിലെ പുരോഗതി വിലയിരുത്തുകയും പ്രാദേശികവും അന്താരാഷ്ട്രവുമായ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഇന്ത്യയും യുഎസും തുടർന്നും ഒരുമിച്ച് പ്രവർത്തിക്കും’-മോദി കുറിച്ചു.
യുഎസ് വിലക്കിയിട്ടും ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി തുടർന്നതിൽ അധികതീരുവ ചുമത്തിയതിനുശേഷം യുഎസ്-ഇന്ത്യ ബന്ധത്തിന് മങ്ങലേറ്റിരുന്നു. ട്രംപിന്റെ തീരുവകൾ അന്യായമാണെന്ന് ഇന്ത്യ ആവർത്തിക്കുകയും ചെയ്തു.
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ്റെ ഇന്ത്യാ സന്ദർശനത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപും മോദിയും ചർച്ച നടത്തിയത്. ഇന്ത്യയും റഷ്യയും നിരവധി കരാറുകളിൽ ഒപ്പുവെച്ചെങ്കിലും റഷ്യൻ പ്രസിഡന്റും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള അടുത്ത വ്യക്തിബന്ധമാണ് കൂടുതൽ ശ്രദ്ധേയമായത്. ഇന്ത്യയുമായുള്ള ബന്ധത്തെ പ്രസിഡന്റ് ട്രംപ് കൈകാര്യംചെയ്യുന്ന വിധത്തെ നിരവധി യുഎസ് നേതാക്കൾ വിമർശിച്ചു. യുഎസിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷികളിൽ ഒന്നായ ഇന്ത്യയെ റഷ്യയോട് കൂടുതൽ അടുപ്പിക്കാൻ ട്രംപിന്റെ നയങ്ങൾ കാരണമായി എന്ന് അവർ കുറ്റപ്പെടുത്തിയിരുന്നു.






