
ന്യൂഡല്‍ഹി: അതിവേഗ ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ നേതൃസ്ഥാനം വഹിക്കുന്നതായി അന്തര്‍ദ്ദേശീയ നാണയ നിധി (ഐഎംഎഫ്)യുടെ റിപ്പോര്‍ട്ട്. ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസാണ് (യുപിഐ) ഈ നേട്ടം സാധ്യമാക്കിയത്.
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, പ്രതിമാസം 18 ബില്യണിലധികം ഇടപാടുകളാണ് യുപിഐ വഴി പ്രോസസ്സ് ചെയ്യപ്പെടുന്നത്. 2024 ജൂണില്‍ മാത്രം, 18.39 ബില്യണ്‍ ഇടപാടുകളിലായി 24.03 ലക്ഷം കോടി രൂപ കൈമാറി. 2023 ജൂണിലെ 13.88 ബില്യണ്‍ ഇടപാടുകളില്‍ നിന്ന് 32% വാര്‍ഷിക വര്‍ധനവാണിത്.
രാജ്യത്തെ ഡിജിറ്റല്‍പെയ്‌മെന്റുകളുടെ 85 ശതമാനവും നിലവില്‍ യുപിഐ വഴിയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതായത്, 491 ദശലക്ഷം ഉപയോക്താക്കളേയും 65 ദശലക്ഷം വ്യാപാരികളേയും 675 ബാങ്കുകളേയും സംവിധാനം ഒരു പ്ലാറ്റ്‌ഫോമില്‍ ബന്ധിപ്പിക്കുന്നു. മാത്രമല്ല, ലോകമെമ്പാടുമുള്ള 50 ശതമാനം തത്സമയ ഡിജിറ്റല്‍ പെയ്‌മെന്റുകളെ ശക്തിപ്പെടുത്താനുമായി.
ഇന്ത്യയ്ക്ക് പുറത്ത് സാന്നിധ്യം ശക്തമാക്കുന്ന യുപിഐ നിലവില്‍ യുഎഇ, സിംഗപ്പൂര്‍, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, ഫ്രാന്‍സ്, മൗറീഷ്യസ് എന്നീ ഏഴ് രാജ്യങ്ങളില്‍ പ്രവര്‍ത്തനക്ഷമമാണ്. ഫ്രാന്‍സില്‍ ഉപയോഗിച്ചുതുടങ്ങിയതോടെ യൂറോപ്പ് പ്രവേശനവും സാധ്യമായി.
വിദേശത്ത് യാത്ര ചെയ്യുന്നതോ താമസിക്കുന്നതോ ആയ ഇന്ത്യക്കാര്‍ക്ക് ഇത് സൗകര്യമായി. അതിര്‍ത്തി കടന്നുള്ള പേയ്മെന്റുകള്‍ ഇതോടെ അവര്‍ക്ക് സുഗമമായി നടത്താനാകും.
”ഈ വളര്‍ച്ച ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലുള്ള ഇന്ത്യയുടെ വിശ്വാസത്തെയും പണരഹിത സമ്പദ്വ്യവസ്ഥയിലേക്കുള്ള അതിന്റെ പരിവര്‍ത്തനത്തേയും പ്രതിഫലിപ്പിക്കുന്നു,” പിഐബി കൂട്ടിച്ചേര്‍ത്തു.
2016 ലാണ് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപിഐ തുടങ്ങുന്നത്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഒരൊറ്റ മൊബൈല്‍ ആപ്പിലേയ്ക്ക് ലിങ്ക് ചെയ്യാനുള്ള സൗകര്യവും തല്‍ക്ഷണം ചെലവുകുറഞ്ഞ ഇടപാടുകള്‍ സാധ്യമാക്കിയതും കാരണം സംവിധാനം രാജ്യത്തെ പണമിടപാടില്‍ വിപ്ലവം സൃഷ്ടിച്ചു..