
ന്യൂഡൽഹി: ഇന്ത്യയുടെ സൈനിക ശക്തി വർധിപ്പിക്കുന്നതിനായി 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ സംഭരണ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ സൈനിക ശേഷിയും പ്രഹരശേഷിയും വർധിപ്പിക്കുന്നതിനുള്ള വലിയ നീക്കത്തിന്റെ ഭാഗമായി, ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) ആണ് 2.38 ലക്ഷം കോടി രൂപയുടെ സംഭരണ നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകിയത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗം കരസേന, വ്യോമസേന, കോസ്റ്റ് ഗാർഡ് എന്നിവയ്ക്കായി അത്യാധുനിക ആയുധങ്ങളും സംവിധാനങ്ങളും വാങ്ങാൻ ‘അക്‌സപ്റ്റൻസ് ഓഫ് നെസസിറ്റി’ (AoN)ക്ക് അംഗീകാരം നൽകി. ഒരു ആയുധം വാങ്ങുന്നതിനോ വികസിപ്പിക്കുന്നതിനോ ഉള്ള ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ കടമ്പയാണിത്.
പുതിയ തീരുമാനങ്ങൾ ഇന്ത്യയുടെ പ്രതിരോധ സന്നദ്ധത ഗണ്യമായി വർധിപ്പിക്കുമെന്ന് രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു.
ഇതിൽ എസ്-400 മിസൈൽ സംവിധാനങ്ങൾ, ഇടത്തരം ഗതാഗത വിമാനങ്ങൾ, ആക്രമണ ഡ്രോണുകൾ, ആധുനിക പീരങ്കികൾ എന്നിവ ഉൾപ്പെടുന്നു. ഈ സാമ്പത്തിക വർഷം പ്രതിരോധ കരാറുകളിൽ രാജ്യം റെക്കോർഡ് നേട്ടം കൈവരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിർത്തിയിലെ വെല്ലുവിളികൾ നേരിടുന്നതിനും സൈന്യത്തെ പൂർണ്ണമായി ആധുനികവൽക്കരിക്കുന്നതിനും ഈ നടപടി നിർണായകമാകും.
കരസേനയ്ക്കായി അംഗീകാരം ലഭിച്ച പ്രധാന സംവിധാനങ്ങൾ
എയർ ഡിഫൻസ് ട്രാക്ക്ഡ് സിസ്റ്റം: തത്സമയ വ്യോമ പ്രതിരോധ നിയന്ത്രണത്തിനും നിരീക്ഷണത്തിനും ഇത് സഹായിക്കും.
ഹൈ കപ്പാസിറ്റി റേഡിയോ റിലേ: സുരക്ഷിതവും വിശ്വസനീയവുമായ ആശയവിനിമയം ഉറപ്പാക്കാൻ.
ധനുഷ് ഗൺ സിസ്റ്റം: ദീർഘദൂര പീരങ്കി ആക്രമണ ശേഷിയും കൃത്യതയും വർധിപ്പിക്കാൻ.
ഇവ കൂടാതെ ടാങ്കുകളുൾപ്പെടെയുള്ള കവചിത വാഹനങ്ങളെ ആക്രമിക്കാനുള്ള ആർമർഡ് പിയേഴ്സിങ് ടാങ്ക് വെടിക്കോപ്പുകൾക്കും, റൺവേ ആവശ്യമില്ലാത്ത ഏരിയൽ സർവൈലൻസ് സിസ്റ്റത്തിനും അനുമതി നൽകിയിട്ടുണ്ട്.
വ്യോമസേനയുടെ ശേഷി വർധിപ്പിക്കുന്നതിനായി
മീഡിയം ട്രാൻസ്‌പോർട്ട് വിമാനങ്ങൾ: കാലപ്പഴക്കംചെന്ന എ.എൻ-32, ഐ.എൽ- 76 വിമാനങ്ങൾക്ക് പകരമായി ഇവ എത്തും.
എസ്-400 (S-400) മിസൈൽ സംവിധാനം: റഷ്യൻ നിർമ്മിത ദീർഘദൂര സർഫസ്-ടു-എയർ മിസൈലുകൾ നൂതന വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ ഉതകും.
റിമോട്ട് നിയന്ത്രിത സ്‌ട്രൈക്ക് എയർക്രാഫ്റ്റ്: രഹസ്യ നിരീക്ഷണത്തിനും ആക്രമണങ്ങൾക്കും ഇവ ഉപയോഗിക്കും.
സുഖോയ്-30 (SU-30) എൻജിനുകൾ: വിമാനങ്ങളുടെ സേവന കാലാവധി വർധിപ്പിക്കുന്നതിനായി സുഖോയ് വിമാനങ്ങളുടെ എൻജിൻ നവീകരണത്തിനും തീരുമാനമായിട്ടുണ്ട്.
കോസ്റ്റ് ഗാർഡും സമുദ്ര സുരക്ഷയും
ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി ഹെവി ഡ്യൂട്ടി എയർ കുഷ്യൻ വെഹിക്കിളുകൾക്ക് (ഹോവർക്രാഫ്റ്റുകൾ) അംഗീകാരം നൽകി. അതിവേഗ പട്രോളിംഗ്, തിരച്ചിൽ, രക്ഷാപ്രവർത്തനം, ലോജിസ്റ്റിക്‌സ് എന്നിവയ്ക്ക് ഇത് കരുത്തേകും.
2025-26 സാമ്പത്തിക വർഷത്തിൽ ഇതുവരെ 6.73 ലക്ഷം കോടി രൂപയുടെ 55 നിർദ്ദേശങ്ങൾക്ക് ഡിഎസി അനുമതി നൽകിയതായി രാജ്നാഥ് സിങ് അറിയിച്ചു. കൂടാതെ, ഈ സാമ്പത്തിക വർഷം 2.28 ലക്ഷം കോടി രൂപയുടെ 503 കരാറുകളിൽ ഒപ്പിട്ടു, ഇത് ഒരു വർഷത്തെ ഏറ്റവും ഉയർന്ന കണക്കാണ്.
സുരക്ഷാ വെല്ലുവിളികൾക്കിടയിൽ സായുധ സേനയെ ആധുനികവത്ക്കരിക്കാനും തദ്ദേശീയ പ്രതിരോധ ശേഷി ശക്തിപ്പെടുത്താനുമുള്ള സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് പുതിയ പദ്ധതികൾ. രാജ്യത്തിന്റെ സുരക്ഷാ സജ്ജീകരണങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാൻ ഈ വൻ നിക്ഷേപം സഹായിക്കുമെന്ന് സർക്കാർ പ്രത്യാശിക്കുന്നു.






