
ന്യൂഡൽഹി: റഷ്യൻ എണ്ണയ്ക്ക് ബദൽ തേടി ഇന്ത്യൻ കമ്പനികൾ ചെന്നെത്തിയത് 18,000 കിലോമീറ്റർ അകലെയുള്ളൊരു രാജ്യത്ത്. കരാർ ഒപ്പുവച്ചതോടെ അവിടെ നിന്ന് രണ്ട് വമ്പൻ എണ്ണക്കപ്പലുകൾ ഇന്ത്യയെ ലക്ഷ്യമാക്കി കഴിഞ്ഞയാഴ്ച യാത്ര തുടങ്ങി. ഇന്ത്യയിലെത്തുമ്പോൾ ജനുവരിയാകും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ട് റഷ്യൻ എണ്ണ കയറ്റുമതിക്കമ്പനികൾക്ക് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യ ബദൽ സ്രോതസ്സുകൾ അന്വേഷിച്ചുതുടങ്ങിയത്.
ഒട്ടുമിക്ക ഇന്ത്യൻ കമ്പനികളും പരമ്പരാഗത സ്രോതസ്സുകളായ സൗദി അറേബ്യ, യുഎഇ, ഇറാഖ്, കുവൈത്ത്, ആഫ്രിക്കൻ രാജ്യങ്ങൾ, യുഎസ് എന്നിവയെയാണ് വീണ്ടും സമീപിച്ചത്. ഇതിനുപുറമേ മറ്റ് രാജ്യങ്ങളിലേക്കും ശ്രദ്ധതിരിക്കുകയായിരുന്നു. അതിലൊന്നാണ് 17,700 കിലോമീറ്റർ അകലെയുള്ള ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാന.
ഇപ്പോഴിതാ, വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഗയാനയിൽ നിന്ന് ഇന്ത്യ എണ്ണ (ക്രൂഡ് ഓയിൽ) വാങ്ങുന്നു. 20 ലക്ഷം ബാരൽ വീതം ഗയാനീസ് എണ്ണയുമായി കൊബാൾട്ട് നോവ, ഒളിംപിക് ലയൺ എന്നീ സൂപ്പർ ടാങ്കറുകളാണ് ഇന്ത്യയിലേക്ക് തിരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനുമുൻപ് 2021ൽ ഇന്ത്യ ഗയാനയുടെ എണ്ണ വാങ്ങിയിരുന്നു. അന്നും രണ്ട് കപ്പലുകളാണ് എത്തിയത്; ഓരോന്നിലും 10 ലക്ഷം ബാരൽ വീതം.
എണ്ണക്കമ്പനിയായ എക്സോൺമൊബീലിൽ നിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വാങ്ങിയ എണ്ണയാണ് ഒളിംപിക് ലയൺ വഹിക്കുന്നത്. ഇത് ഇന്ത്യയുടെ കിഴക്കൻ തീരത്തെ പാരാദീപ് തുറമുഖത്തെത്തും. പാരാദീപിൽ ഇന്ത്യൻ ഓയിലിന് പ്ലാന്റുണ്ട്. കൊബാൾട്ട് നോവയുടെ യാത്ര മുംബൈ അല്ലെങ്കിൽ വിശാഖപട്ടണത്തേക്കായിരിക്കും. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഓർഡർ പ്രകാരമുള്ള എണ്ണയുമായാണ് ഈ കപ്പലെത്തുന്നത്.
അതേസമയം, ഇന്ത്യ റഷ്യൻ എണ്ണയുടെ ഇറക്കുമതി കുത്തനെ വെട്ടിക്കുറയ്ക്കുമെന്ന് മുൻ വിദേശകാര്യ സെക്രട്ടറിയും റഷ്യയിലെ ഇന്ത്യൻ അംബാഡറുമായിരുന്ന കൻവാൾ സിബൽ ഒരു മാധ്യമത്തോട് പറഞ്ഞു. ഇറക്കുമതി 50 ശതമാനമെങ്കിലും ഇന്ത്യ കുറയ്ക്കും. ഇക്കാര്യം റഷ്യയ്ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽതന്നെ ഒട്ടുമിക്ക ഇന്ത്യൻ കമ്പനികളും റഷ്യൻ എണ്ണയോട് മുഖംതിരിച്ചു കഴിഞ്ഞു. ഡിസംബറിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതി 2022ന് ശേഷമുള്ള ഏറ്റവും താഴ്ചയിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. 2022ലാണ് റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചത്. തുടർന്നാണ് ഇന്ത്യ ഡിസ്കൗണ്ട് വിലയിൽ കിട്ടിയ റഷ്യൻ എണ്ണ വൻതോതിൽ വാങ്ങിക്കൂട്ടിയതും 40% വരെ വിഹിതവുമായി ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ സ്രോതസ്സായി റഷ്യ മാറിയതും






