
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 7.2 ശതമാനം വളര്‍ച്ച കൈവരിച്ചതായി പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച്.രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യമാണ് ജിഡിപി.സാമ്പത്തിക വളര്‍ച്ചയുടെ അളവുകോലാണിത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ രേഖപ്പെടുത്തിയ 5.6 ശതമാനം വളര്‍ച്ചയെ അപേക്ഷിച്ച് ശക്തമാണ് ഇത്തവണത്തേത്. അതേസമയം ഒന്നാംപാദ വളര്‍ച്ചയായ 7.8 ശതമാനത്തെ അപേക്ഷിച്ച് നേരിയ ഇടിവ്.
മാര്‍ച്ച്- ജൂണ്‍ വളര്‍ച്ച അഞ്ച് പാദങ്ങളിലെ ഉയര്‍ന്നതായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, കുടുംബ വരുമാനത്തില്‍ സ്ഥിരമായ വര്‍ദ്ധനവ് പ്രകടമാണ്. കൂടാതെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും അധികം കുറഞ്ഞു. ഇതോടെ സ്വകാര്യ ഉപഭോഗം ശക്തമായി. കഴിഞ്ഞ വര്‍ഷം ഇതേ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വകാര്യ ഉപഭോഗത്തില്‍ 8 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ദൃശ്യമായത്.
ആദായ നികുതി സ്ലാബ് കുറച്ചതും ജിഎസ്ടി പരിഷ്‌ക്കരണവുമാണ് മാറ്റത്തിന് കാരണം.വിവരസാങ്കേതികവിദ്യ, ധനകാര്യം, വ്യാപാരം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ വ്യവസായങ്ങള്‍ ഉള്‍പ്പെടുന്ന സേവന മേഖല സ്ഥിരത നിലനിര്‍ത്തിയപ്പോള്‍ ഉത്പാദന കയറ്റുമതി മികച്ചതായി. കൂടാതെ മുന്‍വര്‍ഷത്തെ സംഖ്യകള്‍ താരതമ്യേന ദുര്‍ബലമായതും നിരക്കുയയര്‍ത്തി.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ മൂലധനച്ചെലവ് ഉയര്‍ത്തിയത് വളര്‍ച്ചിയില്‍ പ്രധാന പങ്ക് വഹിച്ചതായി റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. ശക്തമായ ആഭ്യന്തര ആവശ്യകത ഭൗമ രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ മറികടക്കാന്‍ സഹായിച്ചു. ജൂലൈ-സെപ്തംബര്‍ പാദത്തിലെ നോമിനല്‍ ജിഡിപി വളര്‍ച്ച 8 ശതമാനത്തില്‍ താഴെയായിരിക്കാമെന്ന് ഏജന്‍സി നിരീക്ഷിക്കുന്നു. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ ഔദ്യോഗിക ജിഡിപി നമ്പറുകള്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് 2025 നവംബര്‍ 28 ന് പുറത്തിറക്കും.






