
ബെംഗളൂരു: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ പ്രതീക്ഷിച്ചതിനേക്കാളേറെ വളരുമെന്ന് റോയിട്ടേഴ്സ് പോള്‍. ഇത് തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് പോളില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തുന്നത്. ഒന്നാംപാദത്തില്‍ 7.8 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചതിനെത്തുടര്‍ന്നാണിത്.
ചരക്ക്, സേവന നികുതി (ജിഎസ്ടി) പരിഷ്‌ക്കരണവും 100 ബേസിസ് പോയിന്റ് നിരക്ക് കുറച്ച ആര്‍ബിഐ നടപടിയും ഉപഭോഗം വര്‍ദ്ധിപ്പിക്കും. 40 സാമ്പത്തിക വിദഗ്ധരില്‍ നടത്തിയ സര്‍വേ 6.7 ശതമാനം വളര്‍ച്ചയാണ് പ്രവചിക്കുന്നത്. ഇത് നേരത്തെ പ്രതീക്ഷിച്ച 6.3 ശതമാനത്തേക്കാള്‍ കൂടുതലാണ്.
സര്‍വേയില്‍ പങ്കെടുത്ത 68 ശതമാനം പേരും ഡിസംബര്‍ പണനയ യോഗത്തില്‍ (എംപിസി) ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നിരക്ക് കുറയ്ക്കുമെന്ന് പറഞ്ഞു. 25 ബേസിസ് പോയിന്റ് കുറവാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ പണപ്പെരുപ്പം 2.5 ശതമാനത്തിലൊതുങ്ങും. ഉയരുന്ന ആഭ്യന്തര ഡിമാന്റ് യുഎസ് തീരുവയുടെ ആഘാതം കുറയ്ക്കുമെങ്കിലും നടപടികള്‍ സ്വകാര്യ മൂലധനത്തെ ബാധിച്ചിട്ടുണ്ട്. നികുതി പരിഷ്‌ക്കരണത്തിലൂടെ മാത്രം സ്വകാര്യ നിക്ഷേപം വളരില്ല. അതിന് കൂടുതല്‍ പരിഷ്‌ക്കരണം ആവശ്യമാണ്.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്.






