ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതിതൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോർട്ട്ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺകേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ലാഭവീതം 2.11 ലക്ഷം കോടിഎണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

ജിഡിപി വളര്‍ച്ചാ അനുമാനം 7.3% ആയി നിലനിര്‍ത്തി ക്രിസില്‍

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തികവര്‍ഷത്തെ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാ അനുമാനം, റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ 7.3 ശതമാനമായി നിലനിര്‍ത്തി. പണപ്പെരുപ്പവും വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക മാന്ദ്യ ഭീതിയും പിടിമുറുക്കുമ്പോള്‍ ചില ഇടങ്ങളില്‍ അനുകൂല ഘടകങ്ങള്‍ ദൃശ്യമാകുന്നതായി റേറ്റിംഗ് ഏജന്‍സി പറയുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള ആഗോള സമ്പദ്‌വ്യവസ്ഥ നിരവധി ഘടകങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്.
എസ് ആന്റ് പി ഗ്ലോബലിന്റെ ഇന്ത്യന്‍ യൂണിറ്റും കൂടുതല്‍ പ്രതികൂല ഘടകങ്ങളെയാണ് കൂടുതല്‍ വീക്ഷിക്കുന്നത്. ‘റഷ്യ-ഉക്രൈന്‍ യുദ്ധം ചരക്ക് വിപണിയില്‍ നാശം വിതച്ചു. ചരക്ക് ചെലവ് മിതമായെങ്കിലും, ഈ വര്‍ഷത്തിന്റെ തുടക്കവുമായി (യുദ്ധത്തിന് മുമ്പുള്ള) താരതമ്യപ്പെടുത്തുമ്പോള്‍ അവ ഇപ്പോഴും ഉയര്‍ന്നതാണ്,’ ജൂലൈയിലെ റിപ്പോര്‍ട്ടില്‍ ക്രിസില്‍ പറഞ്ഞു. യുദ്ധം തുടരുന്നത് സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിനെ തടയുമെന്നാണ് ഇത് കാണിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഉയര്‍ന്ന ഇറക്കുമതി ബില്ലുകളും ഉയര്‍ന്ന പണപ്പെരുപ്പവും വെല്ലുവിളികളാണ്. ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് ഇന്ത്യ. ഈ സാമ്പത്തിക വര്‍ഷത്തില്‍ ബാരലിന് ശരാശരി 105-110 ഡോളര്‍ വിലയാണ് ക്രൂഡ് ഓയിലില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 35 ശതമാനം ഉയര്‍ന്ന വിലയാണ്.
2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ക്രൂഡ്ഓയില്‍ വിലയാണ് ഇപ്പോഴുള്ളത്. ലോകബാങ്ക് പറയുന്നതനുസരിച്ച്, “1973 ലെ എണ്ണ പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ ഊര്‍ജ്ജ വില വര്‍ധനയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഉണ്ടായത്. കൂടാതെ പ്രകൃതി വാതകത്തെ ഉല്‍പാദനത്തിനായി ആശ്രയിക്കുന്ന രാസവളങ്ങളുടെ വില വര്‍ദ്ധനവ് 2008 ന് ശേഷമുള്ള ഉയരത്തിലാണ്. ”
വര്‍ദ്ധിച്ചുവരുന്ന ഇറക്കുമതി ബില്ലിനൊപ്പം കടുത്ത വ്യാപാര നിബന്ധനകളും പണപ്പെരുപ്പത്തെ ഉയര്‍ത്തുന്നു, ക്രിസില്‍ നിരീക്ഷിച്ചു. അന്താരാഷ്ട്ര നാണയ നിധി അതിന്റെ ആഗോള വളര്‍ച്ചാ പ്രവചനങ്ങള്‍ കുറച്ചു. അതിനര്‍ത്ഥം ഇന്ത്യയുടെ കയറ്റുമതി കുറയുമെന്നാണ്. “വ്യവസ്ഥാപിതമായി ആഗോള സെന്‍ട്രല്‍ ബാങ്കുകള്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നിരക്ക് വര്‍ദ്ധന ഉപകരണമാക്കുന്നതിനാല്‍ ‘സ്തംഭന’ത്തിന്റെ ഭയാനകതയുമുണ്ട്,” ക്രിസില്‍ പറഞ്ഞു.
ആഗോള ഘടകങ്ങള്‍ക്ക് പുറമേ, ആഭ്യന്തര സ്വകാര്യ ഉപഭോഗത്തിലെ പുനരുജ്ജീവനം പ്രതീക്ഷിച്ച നിരക്കില്‍ സംഭവിച്ചിട്ടില്ലെന്നും ക്രിസില്‍ വിവരിച്ചു. അടുത്തിടെ പുറത്തിറക്കിയ ജിഡിപി ഡാറ്റയില്‍ നിന്ന് മൂന്ന് പ്രവണതകള്‍ ഉയര്‍ന്നുവരുന്നതായി ക്രിസില്‍ നിരീക്ഷിക്കുന്നു. ഒന്നാമതായി, ‘ ഉയര്‍ന്നതും വിശാലവുമായ പണപ്പെരുപ്പം സ്വകാര്യ ഉപഭോഗ പുനരുജ്ജീവനത്തിന് തടസ്സം സൃഷ്ടിക്കും’എന്നതാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്തൃ വിശ്വാസ സര്‍വേ പ്രകാരം കുടുംബങ്ങള്‍ ഉയര്‍ന്ന അവശ്യ ചെലവുകള്‍ പ്രതീക്ഷിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. അതുകൊ
ണ്ടുതന്നെ അനിവാര്യമല്ലാത്ത ചിലവുകള്‍ അവര്‍ നിര്‍ത്തലാക്കുമെന്ന് ആര്‍ബിഐ കണ്ടെത്തി. ഇതിനോട് ചേര്‍ത്ത് നിര്‍ത്താവുന്നതാണ് ക്രിസിലിന്റെ നിരീക്ഷണം.
രണ്ടാമതായി, ഉപഭോഗത്തിലെ വ്യത്യാസമാണ്. “കുറഞ്ഞ വിലയുള്ള ഇനങ്ങളുടെ വീണ്ടെടുക്കല്‍ ദുര്‍ബലമായി തുടരുമ്പോള്‍, ഉയര്‍ന്ന വിലയുള്ള ഇനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട മുന്നേറ്റം പ്രകടിപ്പിക്കുന്നു. ഇത് സാമ്പത്തിക വീണ്ടെടുക്കലിന്റെ കെ -ആകൃതിയിലുള്ള സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു,” ക്രിസില്‍ അതിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
മൂന്നാമതായി, ഗ്രാമീണ ദുരിതത്തിലെ വര്‍ദ്ധനവാണ്. ”ഉയര്‍ന്ന പണപ്പെരുപ്പത്തിനൊപ്പം കുറഞ്ഞ വേതന വളര്‍ച്ചയും ഗ്രാമീണ വാങ്ങല്‍ ശേഷിയെ തടസ്സപ്പെടുത്തുന്നു. ഇതോടെ ഗ്രാമീണ വരുമാന വളര്‍ച്ച നാമമാത്രമായി കുറഞ്ഞു. വരുമാന വളര്‍ച്ച 2021 സാമ്പത്തിക വര്‍ഷത്തിലെ ശരാശരി 6.1 ശതമാനത്തില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 4.1 ശതമാനമായി. അതേസമയം ഉപഭോക്തൃ വിലക്കയറ്റം വര്‍ദ്ധിക്കുന്നു,” ക്രിസില്‍ പറഞ്ഞു.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎന്‍ആര്‍ഇജിഎ) കീഴില്‍ ജോലി തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് നാട്ടിന്‍പുറങ്ങളിലെ ദുരിതം പ്രതിഫലിപ്പിക്കുന്നതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. മൂലധനച്ചെലവ്/നിക്ഷേപം എന്നിവയില്‍ ചില മാറ്റം ദൃശ്യമാണെങ്കിലും, അവയുടെ വളര്‍ച്ച പ്രധാനമായും ആഭ്യന്തര ഉപഭോഗത്തിലെ വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നതായും ക്രിസില്‍ റിപ്പോര്‍ട്ട് പറഞ്ഞു.

X
Top