
വിശാഖപട്ടണം: യൂറോപ്യൻ യൂണിയൻ, റഷ്യ, ഓസ്ട്രേലിയ തുടങ്ങിയ വൻ വിപണികളിലേക്ക് ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി വ്യാപിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. യുഎസ് ഉയർത്തിയ ഉയർന്ന തീരുവകൾ മൂലം ബുദ്ധിമുട്ടുന്ന ഇന്ത്യൻ സമുദ്രോത്പന്ന മേഖലയ്ക്ക് ആശ്വാസം നൽകുന്നതാണ് ഈ വ്യാപനം. കേരളത്തിലെ കയറ്റുമതി സ്ഥാപനങ്ങൾക്ക് വലിയ ആശ്വാസമാണ് ഈ നീക്കം.
രാജ്യത്തെ ചെമ്മീൻ കയറ്റുമതിയുടെ മുഖ്യ പങ്കും യുഎസ് വിപണിയിലേക്കായിരുന്നു. എന്നാൽ, അമേരിക്കയുടെ താരിഫ് നടപടികൾ കയറ്റുമതിക്കാരുടെ ലാഭം കുത്തനെ കുറച്ചു. ഈ ഘട്ടത്തിൽ പുതിയ വിപണികൾ കണ്ടെത്തിയത് ആഭ്യന്തര ഉത്പാദകർക്ക് ആശ്വാസമാണ്.
ലോകത്തിലെ രണ്ടാമത്തെ വലിയ ചെമ്മീൻ ഉത്പാദക രാജ്യമാണ് ഇന്ത്യ. ഇക്വഡോറാണ് ഒന്നാമത്. ഇന്ത്യയുടെ ഉത്പാദനത്തിൽ ഭൂരിഭാഗവും കയറ്റുമതിക്കായിട്ടാണ്. 2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ, ആഗോളതലത്തിൽ 5 ബില്യണ്‍ ഡോളറിന്‍റെ ശീതീകരിച്ച ചെമ്മീനാണ് കയറ്റുമതി ചെയ്തത്. ഈ വില്പനയുടെ 48 ശതമാനവും യുഎസ് വിപണിയിലേക്കായിരുന്നു.
ഗുണനിലവാരത്തിന്‍റെ പേരിൽ വർഷങ്ങളായി ഇന്ത്യൻ സമുദ്രോത്പന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. നീണ്ട ഒന്പത് വർഷത്തെ ഗുണനിലവാര തർക്കങ്ങൾക്കൊടുവിലാണ് യൂറോപ്യൻ യൂണിയൻ ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിക്ക് പച്ചക്കൊടി കാട്ടിയത്.
രാജ്യത്തുടനീളമുള്ള 102-ഓളം ഫിഷറീസ് സ്ഥാപനങ്ങൾക്ക് ഇതോടെ ഇ.യു. അംഗീകാരം ലഭിച്ചു. കൊച്ചിയുൾപ്പെടെയുള്ള തീരദേശ മേഖലകൾ കേന്ദ്രീകരിച്ചുള്ള കേരളത്തിലെ പ്രോസസിംഗ് യൂണിറ്റുകൾക്ക്, യൂറോപ്യൻ യൂണിയന്‍റെ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചതിന്‍റെ ഫലമായി ഇനി സുഗമമായി കയറ്റുമതി ചെയ്യാൻ സാധിക്കും.
യൂറോപ്യൻ യൂണിയനു പുറമെ റഷ്യയിലേക്കുള്ള കയറ്റുമതിയും വർധിക്കും. 25 ഫിഷറീസ് സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള പ്രക്രിയയിലാണ് റഷ്യ.
എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബറിൽ ഓസ്ട്രേലിയ ആന്ധ്രാപ്രദേശിൽ നിന്ന് തൊലി കളയാത്ത ചെമ്മീൻ ഇറക്കുമതി ചെയ്യാൻ അനുമതി നല്കി. ചില ചരക്കുകളിൽ വൈറ്റ് സ്പോട്ട് വൈറസ് കണ്ടെത്തിയതിനെത്തുടർന്ന് ഓസ്ട്രേലിയ നേരത്തേ ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
രാജ്യത്തെ ചെമ്മീൻ കയറ്റുമതിയുടെ 80 ശതമാനവും ആന്ധ്രാപ്രദേശിൽനിന്നാണ്. ഇതിൽ 70 ശതമാനവും യുഎസിലേക്കായിരുന്നു. എന്നാൽ യുഎസ് ഏർപ്പെടുത്തിയ ഉയർന്ന തീരുവയുടെ ഫലമായി നിരക്ക് 59.72 ശതമാനത്തിലെത്തി. ഇത് സംസ്ഥാനത്തിന്‍റെ യുഎസിലേക്കുള്ള കയറ്റുമതിയെ കാര്യമായി ബാധിച്ചു.
2024-25 സാമ്പത്തികവർഷത്തിൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയുടെ ആകെ മൂല്യം 7.45 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യയിൽനിന്ന് കയറ്റിയയച്ച സമുദ്രോത്പന്നങ്ങളിൽ മുന്നിൽ ശീതീകരിച്ച ചെമ്മീനാണ്. യുഎസ്, ചൈന, തെക്കുകിഴക്കൻ ഏഷ്യ, ജപ്പാൻ, പശ്ചിമേഷ്യ എന്നിവയാണ് ഇന്ത്യയുടെ പ്രധാന വിപണികൾ.






