
മുംബൈ: അന്താരാഷ്ട്ര വ്യാപാരം രൂപയിലാക്കുന്നതിനുള്ള നടപടികള്‍ വിപുലീകരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). ഇതിന്റെ ഭാഗമായി യുഎഇ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി റഫറന്‍സ് നിരക്കുകള്‍ സജ്ജീകരിച്ചു. ഈ രാജ്യങ്ങള്‍ക്ക് ഇനി യുഎസ് ഡോളറില്‍ തുക നല്‍കേണ്ടതില്ല. പകരം ഇന്ത്യന്‍ ബിസിനസുകള്‍ക്ക് യുഎഇ ദിര്‍ഹമിലേയ്ക്കും ഇന്തോനേഷ്യന്‍ റുപ്പിയയിലേയ്ക്കും രൂപ നേരിട്ട് മാറ്റാം.
യുഎസ് ഡോളര്‍, യൂറോ, ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെന്‍ തുടങ്ങിയ ചില പ്രധാന കറന്‍സികള്‍ക്കുള്ള റഫറന്‍സ് നിരക്കുകള്‍ മാത്രമാണ് അടുത്ത കാലം വരെ, ആര്‍ബിഐ പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍, യുഎഇ ദിര്‍ഹം, ഇന്തോനേഷ്യന്‍ റുപ്പിയ എന്നിവയെ ഈ പട്ടികയില്‍ ചേര്‍ത്തു.കൂടാതെ മൗറീഷ്യസ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി സമാനമായ ക്രമീകരണങ്ങള്‍ സജ്ജീകരിക്കുന്നു. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരകരാറുകളുള്ള രാഷ്ട്രങ്ങളാണ് ഇവ.
മറ്റൊരു നീക്കത്തില്‍, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ താമസക്കാര്‍ക്കും ബാങ്കുകള്‍ക്കും അവിടങ്ങളിലെ ഇന്ത്യന്‍ ബാങ്കുകള്‍ രൂപയില്‍ വായ്പ നല്‍കാന്‍ ആരംഭിച്ചു. ഈ തുക ഉപയോഗിച്ച് ഇവിടങ്ങളിലെ ബിസിനസുകള്‍ക്ക് ഇന്ത്യയില്‍ നിന്ന് രൂപയില്‍ ചരക്കുകള്‍ വാങ്ങാം.
ഇന്ത്യന്‍ ധനകാര്യ കേന്ദ്രങ്ങളിലെ വിദേശ കറന്‍സി അക്കൗണ്ടുകളില്‍ നിന്നും രൂപയിലേയ്ക്ക് തുക മാറ്റേണ്ട കാലവധി ഒരു മാസത്തില്‍ നിന്നും മൂന്നുമാസമായി ഉയര്‍ത്തിയിട്ടുമുണ്ട്. ആഗോള ഉപയോഗം വര്‍ദ്ധിപ്പിച്ച് രൂപയെ സ്വീകാര്യമാക്കുകയാണ് ലക്ഷ്യം.
യുഎസ് ഡോളറിന്റെ അപ്രമാദിത്യത്തെ വെല്ലുവിളിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ബിസിനസുകളുടെ വ്യാപാരം സുഗമമവും കാര്യക്ഷമമാക്കുകയുമാണ് നടപടികളുടെ ലക്ഷ്യം. വലിയ തോതില്‍ വിദേശ നാണ്യ കരുതല്‍ ശേഖരം കൈവശം വക്കാതിരിക്കാനും ആഗോള സാമ്പത്തിക ആഘാതങ്ങളില്‍ നിന്നും രൂപയെ രക്ഷിക്കാനും ഇതുവഴിയാകും.
യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയുള്‍പ്പെടെ ഒരു ഡസനിലധികം രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് നിലവില്‍ സ്വതന്ത്ര വ്യാപാര കരാറുകളുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യന്‍ യൂണിയന്‍, ന്യൂസിലാന്‍ഡ് തുടങ്ങിയ മറ്റ് പ്രധാന സമ്പദ്വ്യവസ്ഥകളുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. രൂപയില്‍ വ്യാപാരം തീര്‍പ്പാക്കുക എന്ന ആശയം ഈ ചര്‍ച്ചകളില്‍ ഇന്ത്യ സജീവമായി ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്.
ഇടപാട് ചെലവ് കുറയ്ക്കാനും കറന്‍സി ഏറ്റക്കുറച്ചിലിന്റെ ഭാഗമായ നഷ്ടസാധ്യത കുറയ്ക്കാനും രൂപയില്‍ വ്യാപാരം ഒത്തുതീര്‍പ്പാക്കുന്നത് വ്യാപാരികളെ സഹായിക്കും. ഇതു വഴി രൂപയെ വിശ്വസനീയ കറന്‍സിയാക്കാമെന്നും ആഗോള വ്യാപാരത്തില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താമെന്നും സര്‍ക്കാര്‍ വിശ്വസിക്കുന്നു.