
ന്യൂഡൽഹി: നാവികസേനയുടെ പ്രഹരശേഷി വർധിപ്പിക്കാൻ അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമിക്കാനൊരുങ്ങി ഇന്ത്യ. കോർവെറ്റ് വിഭാഗത്തിൽ വരുന്ന അത്യാധുനികമായ നെക്സ്റ്റ് ജനറേഷൻ യുദ്ധക്കപ്പലുകളാണ് ഇന്ത്യ നിർമിക്കാനൊരുങ്ങുന്നത്.
ഇത്തരത്തിൽ എട്ട് യുദ്ധക്കപ്പലുകൾ നിർമിക്കാനുള്ള 40,000 കോടിരൂപയുടെ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിതലസമിതി (CCS) ഉടൻ അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ടുകൾ.
‘ആത്മനിർഭർ ഭാരത്’ സംരംഭത്തിന് കീഴിൽ കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് (GRSE), ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡ് (GSL) എന്നിവടങ്ങളിലാണ് ഈ യുദ്ധക്കപ്പലുകൾ ആഭ്യന്തരമായി നിർമ്മിക്കുക എന്നാണ് നിലവിൽ വരുന്ന വിവരങ്ങൾ.
നാവികസേന ഉപയോഗിക്കുന്നതും 20 മുതൽ 30 വർഷം വരെ സേവന കാലാവധി പൂർത്തിയാക്കിയതുമായ ഖുക്രി (Khukri), കോറ (Kora) ക്ലാസ് കോർവെറ്റുകൾക്ക് പകരമായാണ് അത്യാധുനികമായ യുദ്ധക്കപ്പലുകൾ വരുന്നത്.
ഏകദേശം 3,000 ടൺ കേവുഭാരമുള്ള ഈ കപ്പലുകൾ സമുദ്രോപരിതലത്തിലൂടെ 30 നോട്ട്‌സ് വേഗതയിൽ സഞ്ചരിക്കുന്ന തരത്തിലാകും രൂപകൽപ്പന ചെയ്യുക. അന്തർവാഹിനി വിരുദ്ധ പോരാട്ടം (ASW), ഉപരിതല യുദ്ധം, തീരദേശ പ്രതിരോധം എന്നിവയ്ക്കായി ഈ ബഹുമുഖ യുദ്ധക്കപ്പലുകൾ ഉപയോഗിക്കും. ആധുനിക ആർട്ടിലറി ഗണ്ണുകൾ, സർഫസ്-ടു-സർഫസ് മിസൈലുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മെച്ചപ്പെട്ട സെൻസറുകൾ എന്നിവ ഈ പുതിയ കപ്പലുകളിലുണ്ടാകും.
റഡാർ നിരീക്ഷണങ്ങളെ മറികടക്കാൻ കഴിയുന്ന സ്റ്റെൽത്ത് ശേഷിയുള്ള നെക്സ്റ്റ് ജനറേഷൻ കോർവെറ്റുകളാണ് സേനയ്ക്ക് ലഭിക്കാൻ പോകുന്നത്. ഇവയുടെ സംവിധാനങ്ങളും ഘടകങ്ങളും ഭൂരിഭാഗവും ആഭ്യന്തരമായി നിർമ്മിക്കും.
സിസിഎസിന്റെ അനുമതി ലഭിച്ചാലുടൻ ഈ വർഷം തന്നെ നിർമ്മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യത്തെ കപ്പൽ 2030-ഓടെ നാവികസേനയുടെ ഭാഗമാകുമെന്നും തുടർന്ന് ഓരോ വർഷവും ഓരോ കപ്പലുകൾ വീതം സേവനത്തിൽ ഉൾപ്പെടുത്തുമെന്നും കരുതപ്പെടുന്നു.
ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയ്ക്ക് കരുത്തേകുന്ന ഈ പദ്ധതി നാവികസേനയുടെ പോരാട്ടവീര്യം ഗണ്യമായി വർധിപ്പിക്കും. പഴയ കപ്പലുകൾ വിരമിക്കുന്ന മുറയ്ക്ക് ഈ പുതിയ കപ്പലുകൾ എത്തുന്നതോടെ നാവികസേനയുടെ പ്രവർത്തനക്ഷമതയും വഴക്കവും വർധിക്കും.






