
ന്യൂഡല്‍ഹി: റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും വേഗത പരിധിയില്‍ വ്യക്തത വരുത്തുന്നതിനുമായി റോഡ്, ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചു.
ദേശീയ പാതകളുടെയും എക്സ്പ്രസ് വേകളുടെയും ഉത്തരവാദിത്തം കേന്ദ്രത്തിനായിരിക്കുമെന്നും സംസ്ഥാന പാതകളുടെയും പ്രാദേശിക റോഡുകളുടെയും വേഗതാ പരിധി സംസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ഭേദഗതി പറയുന്നു. വേഗതാ പരിധി സംബന്ധിച്ച് വ്യക്തമായ ഒരു അതോറിറ്റി സ്ഥാപിക്കുക എന്നതാണ് ഈ മാറ്റങ്ങളുടെ ലക്ഷ്യം.
നിലവില്‍, കേന്ദ്രം നിശ്ചയിച്ചിട്ടുള്ള വേഗതാ പരിധികളും സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വേഗതാ പരിധികളും തമ്മില്‍ പൊരുത്തക്കേടുണ്ട്. ഇത് ഡ്രൈവര്‍മാരെ ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്നു. ദേശീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ട ഹൈവേകളില്‍ സംസ്ഥാനം ഏര്‍പ്പെടുത്തിയ വേഗതാ പരിധികളായിരിക്കും അവര്‍ കൈക്കൊള്ളുന്നത്.
അതുകൊണ്ടുതന്നെ കേന്ദ്ര,സംസ്ഥാന വേഗ പരിധികള്‍ തമ്മില്‍ ഒരു ഏകീകരണം സാധ്യമാക്കുക എന്നത് നിര്‍ദ്ദേശങ്ങളുടെ ലക്ഷ്യമാണ്. ഇത് വഴി പിഴയൊടുക്കുന്നതില്‍ നിന്നും ഡ്രൈവര്‍മാരെ മോചിപ്പിക്കാം എന്നുമാത്രമല്ല എന്‍ഫോഴ്‌സ്‌മെന്റ് അഴിമതി കുറയ്ക്കാനും സാധിക്കും.
വേഗപരിധിയിലെ മാറ്റങ്ങള്‍ക്ക് പുറമേ, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കാനുള്ള നിര്‍ദ്ദേശവും ഭേദഗതിയിലുണ്ട്. ഇത്തരം വാഹനങ്ങള്‍ക്കെതിരായ പിഴ ഗണ്യമായി വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യം. നിലവില്‍, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നതിനുള്ള പിഴ 2,000 രൂപയും ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് 4,000 രൂപയുമാണ്.
പുതിയ ഭേദഗതി പ്രകാരം ആദ്യ ലംഘനം പിടിക്കപ്പെടുമ്പോള്‍ തന്നെ ഇന്‍ഷൂറന്‍സ് പ്രീമിയത്തിന്റെ മൂന്നിരട്ടി പിഴ നല്‍കേണ്ടിവരും. തുടര്‍ന്നുള്ള നിയമലംഘനങ്ങള്‍ക്കുള്ള പിഴ പ്രീമിയത്തിന്റെ അഞ്ച് മടങ്ങാണ്. ഇന്‍ഷൂറന്‍സില്ലാത്ത വാഹനങ്ങളുടെ എണ്ണം നിരത്തുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണിത്.
ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുതുക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും ഭേദഗതി നിര്‍ദ്ദേശിക്കുന്നു. അമിത വേഗത അല്ലെങ്കില്‍ മദ്യപിച്ച് വാഹനമോടിക്കല്‍ പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ നിര്‍ബന്ധിത ഡ്രൈവിംഗ് ടെസ്റ്റിന് വിധേയമാകേണ്ടിവരും.
55 വയസിന് മുകളില്‍ പ്രായമുള്ളവരും പുനര്‍ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാണം. ഭേദഗതികള്‍ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതികരണത്തിനായി അയച്ചിട്ടുണ്ട്. പ്രതികരണം ലഭ്യമായതിനു ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും.






