
ന്യൂഡല്‍ഹി: ഇന്ത്യ തങ്ങളുടെ അതിവേഗ റോഡ് ശൃംഖല അഞ്ച് മടങ്ങ് വികസിപ്പിക്കാന്‍ പദ്ധതിയിടുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കുന്നതിനുമായി 11 ലക്ഷം കോടി രൂപ (125 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കുമെന്ന് ഈ വിഷയവുമായി പരിചയമുള്ള ആളുകള്‍ പറഞ്ഞു. ഒരു ദശാബ്ദത്തിനുള്ളിലായിരിക്കും നിക്ഷേപം.
പരമ്പരാഗത ഹൈവേകളേക്കാള്‍ വേഗതയേറിയതും സുരക്ഷിതവും കാര്യക്ഷമവുമായ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന, മോട്ടോര്‍ വാഹന ഉടമകള്‍ക്ക് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ അനുവദിക്കുന്ന 17,000 കിലോമീറ്റര്‍ (10,563 മൈല്‍) ആക്‌സസ് നിയന്ത്രിത റോഡുകള്‍ രാജ്യം കൂട്ടിച്ചേര്‍ക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നിര്‍ദ്ദിഷ്ട ശൃംഖലയുടെ ഏകദേശം 40% നിര്‍മ്മാണ ഘട്ടത്തിലാണ്. ഇത് 2030 ന് മുമ്പ് പൂര്‍ത്തീകരിക്കപ്പെടും. ശേഷിക്കുന്നവയുടെ നിര്‍മ്മാണം 2028 ഓടെ ആരംഭിക്കുകയും 2033 ഓടെ പൂര്‍ത്തിയാക്കപ്പെടുകയും ചെയ്യും. ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ പുനഃക്രമീകരിക്കുക, ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍.
ചൈന ഇത്തരത്തില്‍ 180,000 കിലോമീറ്റര്‍ എക്‌സ്പ്രസ് ഹൈവേ 1990 കള്‍ക്ക് ശേഷം പൂര്‍ത്തിയാക്കി. യുഎസ് 75,000 കിലോമീറ്റര്‍ ഇന്റര്‍ സ്‌റ്റേറ്റ് ഹൈവേകളാണ് പരിപാലിക്കുന്നത്. ഇവയുടെയെല്ലാം ചുവടുപിടിച്ചാണ് നടപടി. നിലവില്‍ ഇന്ത്യയുടെ ദേശീയ പാത ശൃംഖല 146,000 കിലോമീറ്ററിലധികമാണ്. എന്നാല്‍ ഇതില്‍ 4500 കിലോമീറ്റര്‍ മാത്രമേ അതിവേഗതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുള്ളൂ.
സ്വകാര്യ നിക്ഷേപം
15% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വരുമാനം വാഗ്ദാനം ചെയ്യുന്ന പ്രോജക്ടുകള്‍ ബില്‍ഡ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ അല്ലെങ്കില്‍ ബിഒടി മോഡലിന് കീഴിലായിരിക്കും പൂര്‍ത്തീകരിക്കുക. അര്‍ഹരായവരെ ലേലത്തിലൂടെ തെരഞ്ഞെടുക്കും. സംവിധാനം ഇവരെ ടോള്‍ വഴി ചെലവുകള്‍ വീണ്ടെടുക്കാന്‍ അനുവദിക്കുന്നു.
കുറഞ്ഞ വരുമാനമുള്ള പ്രൊജക്ടുകള്‍ ഹൈബ്രിഡ് ആന്വിറ്റി മോഡലിന് കീഴില്‍ പൂര്‍ത്തീകരിക്കും. ഇതില്‍ നിര്‍മ്മാണ ചെലവിന്റെ 40 ശതമാനം സര്‍ക്കാര്‍ മുന്‍കൂട്ടി വഹിക്കുന്നു. നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന പല പദ്ധതികളും നിലവില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡലിന് കീഴിലാണ്.
എന്നാല്‍ പുതിയതായി തുടങ്ങുന്നവയില്‍ കൂടുതല്‍ സ്വകാര്യ പങ്കാളിത്തം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ 2.5 ട്രില്യണ്‍ രൂപ ചെലവഴിച്ചിരുന്നു. ഒരു വര്‍ഷം മുമ്പത്തേതിനേക്കാള്‍ 21% വര്‍ധനവാണ് ഇത്. മാത്രമല്ല എക്കാലത്തേയും ഉയര്‍ന്ന തുകയുമാണ്.
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ രാജ്യത്തെ ഹൈവേ ശൃംഖല നവീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.