
ന്യൂഡൽഹി: ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും സ്ഥിരതയുള്ള വളർച്ചയാണ് നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തികസർവേയിൽ പ്രതീക്ഷിക്കുന്നത്. ജാഗ്രത വേണം, പക്ഷേ നൈരാശ്യം വേണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. നടപ്പുസാമ്പത്തികവർഷം (2025–26) ഇന്ത്യ 7.4% സാമ്പത്തികവളർച്ച കൈവരിക്കുമെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻഎസ്ഒ) ഏതാനും ആഴ്ചകൾക്കു മുൻപ് പ്രവചിച്ചത്. 2024–25ൽ 6.5 ശതമാനമായിരുന്നു വളർച്ച. രാജ്യത്തിന്റെ കുതിപ്പും കിതപ്പും വ്യക്തമാക്കുന്നതാണ് ജിഡിപി വളർച്ചാനിരക്ക്.
സമീപ വർഷങ്ങളിലെ നയപരമായ പരിഷ്കാരങ്ങൾ രാജ്യത്തിന്റെ മീഡിയം ടേം വളർച്ചാനിരക്ക് നേരത്തെയുണ്ടായിരുന്ന 6.5-6.8 ശതമാനത്തിൽ നിന്ന് 7 ശതമാനത്തിലേക്ക് ഉയർത്തി. ഈ പരിഷ്കാരങ്ങളോട് ഇന്ത്യ പൊരുത്തപ്പെടുന്ന കാലഘട്ടമായിരിക്കും അടുത്ത സാമ്പത്തികവർഷം. യുഎസുമായുള്ള വ്യാപാരചർച്ച ഇക്കൊല്ലം തന്നെ പൂർത്തിയാകുമെന്നതിനാൽ അനിശ്ചിതത്വമൊഴിയുമെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ ഇക്കൊല്ലമെന്ന് ഉദ്ദേശിച്ചത് സാമ്പത്തികവർഷമാണോ കലണ്ടർ വർഷമാണോയെന്ന ചോദ്യത്തിൽ നിന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി.അനന്തനാഗേശ്വരൻ ഒഴിഞ്ഞുമാറി. അക്കാര്യം വാണിജ്യകാര്യമന്ത്രാലയത്തോടു ചോദിക്കണമെന്നായിരുന്നു മറുപടി.ഉയർന്ന തീരുവകൾ തുടരുകയാണെങ്കിൽ, വരുന്ന സാമ്പത്തിക വർഷം ഇന്ത്യ 6.4 ശതമാനം വളർച്ച നേടുമെന്നാണ് രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) പ്രവചനം.
ദീർഘകാലാടിസ്ഥാനത്തിൽ, രാജ്യാന്തര അനിശ്ചിതത്വങ്ങളുടെയും സംഘർഷങ്ങളുടെയും ഒരു നീണ്ട കാലഘട്ടത്തെ ഇന്ത്യയ്ക്ക് നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും സർവേ നൽകി. വികസിത സമൂഹങ്ങളിൽ ഇത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾക്കും രാജ്യം സജ്ജമാകേണ്ടതുണ്ട്. 2045 വരെയുള്ള വർഷങ്ങൾ ഒരുപക്ഷേ, ഇരുപതാം നൂറ്റാണ്ടിലെ രണ്ട് ലോകയുദ്ധങ്ങൾക്കിടയിലുള്ള വർഷങ്ങളെ അനുസ്മരിപ്പിച്ചേക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ഇത്തരമൊരു പ്രക്ഷുബ്ധമായ കാലത്തെ അതിജീവിക്കാൻ പ്രതിരോധത്തിലൂന്നിയ നയങ്ങളല്ല, മറിച്ച് കർമോത്സുകമായ നയചട്ടക്കൂടാണ് വേണ്ടതെന്നും സർവേ വിലയിരുത്തി. ഉൽപാദനരംഗം മെച്ചപ്പെടുത്തിയാൽ 7.5% വളർച്ച വരും വർഷങ്ങളിൽ നേടാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.






