
ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടോളം നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷം ഇന്ത്യയും ഗൾഫ് കോർപറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ട്രാക്കിലേക്ക്. വ്യാപാര ചർച്ചകൾ പുനരാരംഭിക്കാനുള്ള മാർഗ രേഖയിൽ (ടേംസ് ഓഫ് റഫറൻസ്) ഇരുവിഭാഗവും ഒപ്പുവച്ചു. നിർദിഷ്ട വ്യാപാര കരാറിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും പ്രവർത്തന രീതികളുമാണ് മാർഗരേഖയിലുള്ളത്. ഇതോടെ വർഷങ്ങൾക്ക് മുമ്പ് മുടങ്ങിപ്പോയ സ്വതന്ത്ര വ്യാപാര കരാറിലെ ചർച്ചകൾ ഔദ്യോഗികമായി വീണ്ടും തുടങ്ങും.
സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹറിൻ, കുവൈത്ത്, ഒമാൻ എന്നീ ആറു അറബ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജിസിസി. ഇതിനോടകം യുഎഇ, ഒമാൻ എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് വ്യാപാര കരാറുണ്ട്. ഖത്തറുമായും സൗദി അറേബ്യയുമായും ചർച്ചകൾ നടക്കുകയുമാണ്.
ജിസിസി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര കരാർ ചർച്ചകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. 2006ലും 2008ലും ഇരു വിഭാഗവും ഓരോ റൗണ്ട് ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ പിന്നീട് എല്ലാ രാജ്യങ്ങളുമായും നടത്തിവന്ന വ്യാപാര ചർച്ചകൾ ജിസിസി മരവിപ്പിച്ചു. ഇതോടെ ഇന്ത്യയുമായുള്ള ചർച്ചയും മുടങ്ങുകയായിരുന്നു.
കരാർ സാധ്യമായാൽ ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാനാകുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഇതോടൊപ്പം ഊർജ രംഗത്തും ഇന്ത്യയ്ക്ക് നേട്ടമുണ്ടാകും. ഏതാണ്ട് ഒരു കോടിയിലേറെ ഇന്ത്യക്കാർ ജോലി ചെയ്യുന്ന സ്ഥലമാണ് ജിസിസിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ പ്രധാനമായും ക്രൂഡ് ഓയിൽ, പ്രകൃതി വാതകം തുടങ്ങിയ ഉൽപന്നങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് വാങ്ങുന്നത്. പകരം തുണിത്തരങ്ങൾ, ഇലക്ട്രിക്കൽ മെഷിനറി, സ്റ്റീൽ, ഇരുമ്പ്, ആഭരണങ്ങൾ, കെമിക്കലുകൾ എന്നിവ ഇന്ത്യ കയറ്റുമതി ചെയ്യും.
2023–24ൽ 161.81 ബില്യൻ ഡോളറിന്‍റെയും തൊട്ടടുത്ത വർഷം 178.7 ബില്യൻ ഡോളറിന്‍റെയും വ്യാപാരമാണ് ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യ നടത്തിയത്. ഇതിൽ മുന്നിൽ നിൽക്കുന്നത് യുഎഇ തന്നെ. സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹറിൻ എന്നീ രാജ്യങ്ങൾ തൊട്ടുപിന്നിലുണ്ട്.
സൗദി അറേബ്യയുമായി പ്രത്യേകം ചർച്ച
ഇതിന് പുറമെ രാജ്യത്ത് സൗദി അറേബ്യൻ കമ്പനികളുടെ നിക്ഷേപം വർധിപ്പിക്കുന്ന കാര്യത്തിൽ പ്രത്യേക ചർച്ച നടത്താനും ധാരണയായെന്ന് റിപ്പോർട്ടുണ്ട്. സൗദിയുമായുള്ള ഉഭയകക്ഷി വ്യാപാര ഉടമ്പടി ജിസിസി വ്യാപാര കരാറുമായി കൂട്ടിക്കുഴക്കേണ്ടെന്നാണ് ധാരണ.
ഇത് സാധ്യമായാൽ രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപം എത്തുമെന്നാണ് കരുതുന്നത്. എന്നാൽ ഇതുവരെയുള്ള ചർച്ചയിൽ ചില വിഷയങ്ങളിൽ ധാരണയിലെത്താൻ ഇരുവിഭാഗത്തിനും കഴിഞ്ഞിട്ടില്ല.
അഭിമത രാജ്യ (മോസ്റ്റ് ഫേവേർഡ് നേഷന്‍) പദവി വേണമെന്നാണ് സൗദിയുടെ ആവശ്യം. കൂടാതെ നിക്ഷേപ വിഷയത്തിലെ തർക്ക പരിഹാരത്തിന് കൂടുതൽ സംവിധാനങ്ങളും സൗദി ചോദിച്ചിട്ടുണ്ട്. എന്നാൽ നിക്ഷേപം ആവശ്യമാണെങ്കിലും കൂടുതൽ ഇളവുകൾ നൽകേണ്ടെന്നാണ് ഇന്ത്യയുടെ പക്ഷമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതോടെ വിഷയത്തിൽ പ്രത്യേകമായി കൂടുതൽ ചർച്ചകൾ നടത്താൻ തീരുമാനിക്കുകയായിരുന്നു.






