
ന്യൂഡല്‍ഹി: 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്) വളര്‍ച്ച 5.9 ശതമാനത്തിലൊതുങ്ങുമെന്ന് ഇന്ത്യന്‍ റേറ്റിംഗ് ആന്റ് റിസര്‍ച്ച് അനുമാനം. 5.9 ശതമാനത്തില്‍ ജിഡിപി വളര്‍ച്ച, റിസര്‍വ് ബാങ്ക് അനുമാനമായ 6.4 ശതമാനത്തേക്കാള്‍ കുറവാണ്.
‘അറ്റ കയറ്റുമതി 24 സാമ്പത്തിക വര്‍ഷത്തില്‍ കുറയാന്‍ സാധ്യതയുണ്ട്. വികസിത രാജ്യങ്ങളിലെ മാന്ദ്യമാണ് കാരണം. സേവന മേഖല ഉജ്ജ്വലമായി തുടരുമെങ്കിലും വ്യാവസായിക വീണ്ടെടുക്കല്‍ മന്ദഗതിയിലാണ്, ”ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് ചീഫ് ഇക്കണോമിസ്റ്റ് ദേവേന്ദ്ര പന്ത് പറഞ്ഞു.
ഡിമാന്‍ഡ് സാധാരണ നിലയിലാണെന്നും വായ്പാ വളര്‍ച്ച കടുത്ത സാമ്പത്തിക സാഹചര്യങ്ങളെ അഭിമുഖീകരിക്കുകയാണെന്നും ഏജന്‍സി പറയുന്നു. സര്‍ക്കാറിന്റെ മൂലധന നിക്ഷേപം, മികച്ച കോര്‍പറേറ്റുകള്‍, കുറഞ്ഞ ബാങ്ക് നിഷ്‌ക്രിയ ആസ്തികള്‍, ഉത്പാദന പ്രോത്സാഹന പദ്ധതി, ചരക്ക് വില കുറയാനുള്ള സാധ്യത തുടങ്ങിയ അനുകൂല ഘടകങ്ങളുണ്ടെങ്കിലും ഇവ ജിഡിപിയെ 6 ശതമാനത്തിനപ്പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ പര്യാപ്തമല്ല.
അറ്റകുറ്റപണികള്‍ക്ക് മാത്രമാണ് സ്വകാര്യമേഖല മൂലധന നിക്ഷേപം ഉപയോഗപ്പെടുത്തുന്നത്. പുതു പ്രൊജക്ടുകള്‍ വിരളമാണ്. നിക്ഷേപ ചക്രം പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ കാപെക്സ് മാത്രം പോര.
24 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ മൂലധനം 10 ലക്ഷം കോടി രൂപയായി കേന്ദ്ര ബജറ്റ് കണക്കാക്കിയിട്ടുണ്ട്.
നടപ്പ് സാമ്പത്തികവര്‍ഷത്തേക്കാള്‍ 33 ശതമാനം കൂടുതലാണിത്. റേറ്റിംഗ് സ്ഥാപനം പണപ്പെരുപ്പത്തെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടില്ല. 6 ശതമാനത്തില്‍ താഴെയുള്ള ആര്‍ബിഐ ടോളറന്‍സ് പരിധിയില്‍ പണപ്പെരുപ്പം ഒതുങ്ങുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.
2024 സാമ്പത്തിക വര്‍ഷത്തിലെ ശരാശരി റീട്ടെയില്‍ പണപ്പെരുപ്പം 5.4 ശതമാനമായും ശരാശരി മൊത്ത പണപ്പെരുപ്പം 1.1 ശതമാനമായും കണക്കാക്കപ്പെടുന്നു.
ഡിസംബറിലെ ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.72 ശതമാനത്തില്‍ നിന്ന് ജനുവരിയില്‍ ഇന്ത്യയുടെ മുഖ്യ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.52 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
കറന്റ് അക്കൗണ്ട് കമ്മിയും ധനക്കമ്മി ലക്ഷ്യങ്ങളും കണക്കിലെടുത്താല്‍, ഇന്ത്യ മുന്നോട്ട് പകുമ്പോള്‍ മെച്ചപ്പെട്ട ഇടത്തിലായിരിക്കും. 5.9 ശതമാനം എന്ന ധനക്കമ്മി ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യക്ക് കഴിയും.
എണ്ണവില മിതമായതോടെ കറണ്ട് അക്കൗണ്ട് കമ്മിയും അല്‍പ്പം മെച്ചപ്പെടും.






