
ന്യൂഡൽഹി: നിർമിതബുദ്ധി (എ.ഐ.) സങ്കേതങ്ങളെ സ്വീകരിക്കുന്നതിൽ ഇന്ത്യ ആഗോളശക്തിയായി ഉയർന്നെന്നും ഇക്കാര്യത്തിൽ ലോകത്ത് രണ്ടാംസ്ഥാനത്താണെന്നും സൈബർ സുരക്ഷാ സ്ഥാപനമായ സെഡ്‌സ്‌കേലറിന്റെ റിപ്പോർട്ട്. യു.എസ്. ആണ് ഒന്നാമത്. ‘സെഡ്‌സ്‌കേലർ ത്രെറ്റ്‌ലാബ്‌സ് 2026 എ.ഐ. സെക്യൂരിറ്റി റിപ്പോർട്ടിൽ’ ആണ് ഈ കണ്ടെത്തലുകളുള്ളത്.
എ.ഐ, മെഷീൻ ലേണിങ് എന്നിവ ഇന്ത്യൻ കമ്പനികൾ കഴിഞ്ഞവർഷം വ്യാപകമായി ഉപയോഗിച്ചു. 2025 ജൂൺ മുതൽ ഡിസംബർ 2025 വരെ ഇന്ത്യയിൽ 8230 കോടി എ.ഐ. ഇടപാടുകളാണ് നടന്നത്. ഏഷ്യ-പസഫിക് മേഖലയിലെ മൊത്തം എ.ഐ. പ്രവർത്തനങ്ങളുടെ 46.2 ശതമാനമാണിതെന്ന് -റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഗുരുതര സുരക്ഷാഭീഷണികളെക്കുറിച്ചും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ടെക്നോളജിയും ആശയവിനിമയവും നിർമാണ-സേവന മേഖലകൾ, ഫിനാൻസും ഇൻഷുറൻസും എന്നിവയിലാണ് ഇന്ത്യയിൽ ഏറ്റവുമധികമായി എ.ഐ. ഉപയോഗിക്കുന്നത്.
പല കമ്പനികൾക്കും അവരുടെ എ.ഐ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചറിയില്ലെന്നും ഇത് സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നെന്നും റിപ്പോർട്ടിലുണ്ട്. മറ്റൊരു പ്രശ്നം ഡേറ്റാ നഷ്ടമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.






