
ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം സാമ്പത്തിക വര്‍ഷത്തിലും സര്‍ക്കാര്‍ സോവറിന്‍ ഹരിത ബോണ്ടുകള്‍ ഇഷ്യു ചെയ്‌തേക്കും. സോളാര്‍, കാറ്റ്, ജലവൈദ്യുതി,കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ ആഘാതം ലഘൂകരിക്കുന്ന മറ്റ് പദ്ധതികള്‍ എന്നിവയിലെ നിക്ഷേപങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായാണ് തുക ഉപയോഗപ്പെടുത്തുക.
“പൊതുമേഖലാ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 15,000-16,000 കോടി രൂപയുടെ ഗ്രീന്‍ ബോണ്ടുകള്‍ വില്‍ക്കാന്‍ പദ്ധതിയിടുന്നു,” പേരുവെളിപെടുത്താത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.
8000 കോടി ഗ്രീന്‍ ബോണ്ടുകള്‍ ജനുവരി 25 ന് വില്‍പന നടത്തിയിരുന്നു. രണ്ടാമത്തെ ലേലം ഫെബ്രുവരി 9 ന് ആരംഭിക്കാനിരിക്കയാണ്. 15.43 ട്രില്യണ്‍ രൂപയുടെ റെക്കോഡ് മാര്‍ക്കറ്റ് കടമെടുപ്പാണ് ഫെബ്രുവരി 1 ന് അവതരിപ്പിച്ച ബജറ്റ് വിഭാവന ചെയ്തിരിക്കുന്നത്.
ഇതിലുള്‍പ്പെടുത്തിയാണ് ഗ്രീന്‍ബോണ്ടുകളുടെയും ഇഷ്യു. ലാഭകരമായ നിരവധി പദ്ധതികള്‍ പൊതുമേഖലയിലുള്ളതിനാലാണ് ബോണ്ടുകള്‍ വീണ്ടും ഇഷ്യു ചെയ്യുന്നത്, മുകളില്‍ ഉദ്ധരിച്ച ആളുകള്‍ പറഞ്ഞു. വില്‍പന അധികപക്ഷവും സെപ്തംബറിലായിരിക്കും നടക്കുക.






